യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ പോയ എബിവിപി പാതിവഴിയില്‍ പിന്തിരിഞ്ഞു

ഇന്ന് രാവിലെ 11 മണിക്ക് കോളജിലേക്ക് കൊടിമരവുമായി ജാഥ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് വിലക്കുകയായിരുന്നു
യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ പോയ എബിവിപി പാതിവഴിയില്‍ പിന്തിരിഞ്ഞു

തിരുവനന്തപുരം: തങ്ങളുടെ അധീനതയിലായിരുന്ന തിരുവനന്തപുരം എംജി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ച് കൊടിമരം നാട്ടിയതിന് തിരിച്ചടി നല്‍കാന്‍ പോയ എബിവിപി ശ്രമം ഉപേക്ഷിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ച് കൊടി നാട്ടാനായിരുന്നു പദ്ധതി. ഇന്ന് രാവിലെ 11 മണിക്ക് കോളജിലേക്ക് കൊടിമരവുമായി ജാഥ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് വിലക്കുകയായിരുന്നു. ഇക്കാര്യം എബിവിപിയുടെ സംസ്ഥാന ഭാരവാഹികള്‍ തന്നെയാണ് വ്യക്തമാക്കിയത്. 

ഇന്നത്തെ മാര്‍ച്ച് ഉപേക്ഷിച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങുമെന്നാണ് എബിവിപിയുടെ അവകാശവാദം. 50ലധികം പേര്‍ അനുഭാവികളായി കോളജിലുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. ഇവരില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമുണ്ട്. നഗരത്തിലെ മറ്റ് എസ്എഫ്‌ഐ കോട്ടകളായ സംസ്‌കൃത കോളജിലും ആര്‍ട്‌സ് കോളജിലും യൂണിറ്റ് രൂപീകരിക്കാന്‍ എബിവിപി ആലോചിക്കുന്നുണ്ട്. 

പതിറ്റാണ്ടുകളായി എബിവിപി മാത്രം പ്രവര്‍ത്തിക്കുന്ന എംജിയില്‍ കഴിഞ്ഞയാഴ്ചയാണ് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത്. തുടര്‍ന്ന് ഇരുസംഘടനകളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. എസ്എഫ്‌ഐ നാട്ടിയ കൊടിമരം എബിവിപി നശിപ്പിച്ചിരുന്നു. അതിന് പകരമായി എസ്എഫ്‌ഐ പത്തു കൊടിമരങ്ങള്‍ ഒരുമിച്ചു നാട്ടി. പിന്നാലെ കോളജിലെത്തിയ നവാഗതര്‍ക്ക് ആശംസാ കാര്‍ഡുകളും മധുരവും നല്‍കി സ്വീകരിക്കുകയും ചെയ്തിരുന്നു. എബിവിപിയുടെ മറ്റൊരു തട്ടകമായ ധനുവച്ചപുരം എന്‍എസ്എസ് കോളജിലും എസ്എഫ്‌ഐ യൂണിറ്റ് തുടങ്ങാന്‍ യോഗം ചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com