അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി; അഞ്ച് ജില്ലാ കലക്ടര്‍മാര്‍ അന്വേഷിക്കും
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 28th July 2017 10:18 AM |
Last Updated: 28th July 2017 12:34 PM | A+A A- |

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ദിലീപിനെതിരേ കടുത്ത നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഭൂപരിഷ്‌കരണ നിയമം ദിലീപ് ലംഘിച്ചെന്ന പ്രാഥമിക കണ്ടെത്തലാണ് നടപടിയെടുക്കുന്നതിലേക്കു വഴിവെക്കുന്നത്. അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി 21 ഏക്കര്‍ ഭൂമി ദിലീപ് കൈവശം വെച്ചിരിക്കുന്നുണ്ടെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കറില്‍ കൂടുതല്‍ ദിലീപ് കൈവശം വെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമി കൈവശം വെച്ചിരിക്കുന്ന അഞ്ച് ജില്ലകളിലെ കലക്ടര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി വൈകുന്നേരം അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഭൂപരിഷ്‌കരണ നിയമം അനുസരിച്ചുള്ളതിനേക്കാള്‍ ഭൂമി കൈവശമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഈ ഭൂമി കണ്ടുകെട്ടും.