സര്‍വീസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ന്യൂസ് മേക്കറാകാന്‍ ശ്രമിക്കരുത്; ഒളിയമ്പുമായി തച്ചങ്കരി

ഗ്ലാമര്‍ ഉണ്ടാക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സര്‍ക്കാരിന് പോലും അവരെ തൊടാന്‍ സാധിക്കാതെ വരികയാണ്
സര്‍വീസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ന്യൂസ് മേക്കറാകാന്‍ ശ്രമിക്കരുത്; ഒളിയമ്പുമായി തച്ചങ്കരി

കോഴിക്കോട്: പൊലീസ് സേനയുടെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച അധികാരങ്ങളും വിവരങ്ങളും വെളിപ്പെടുത്തി കയ്യടിവാങ്ങാനുള്ള ചിലരുടെ ശ്രമങ്ങളെ വിമര്‍ശിച്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. സേനയുടെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ന്യൂസ് മേക്കറാകാനും, കയ്യടി വാങ്ങാനും തലപ്പത്തുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ പൊലീസില്‍ കാലോചിത പരിഷ്‌കാരം സാധിക്കില്ലെന്ന് തച്ചങ്കരി പറഞ്ഞു.

പൊലീസ് സേനയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഒരുപാട് രഹസ്യ വിവരങ്ങള്‍ പൊലീസുകാര്‍ക്ക് ലഭിക്കും. പൊലീസിന്റെ മേശപ്പുറത്തെ ഓരോ ഫയലും ഓരോ ബ്രേക്കിങ് ന്യൂസുകളാണ്. എന്നാല്‍ സേനയില്‍ നിന്നും വിരമിച്ചെന്ന് കരുതി അതെല്ലാം വിളിച്ചുപറയാമെന്ന ധാരണ തെറ്റാണ്. വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ആര്‍മി ജനറല്‍ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും തച്ചങ്കരി ചോദിച്ചു. 

ഒരാളെ വെടിവെച്ച് കൊല്ലാന്‍ വരെയുള്ള അധികാരം പൊലീസിനുണ്ട്. എന്നാല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അധികാരം ദുരൂപയോഗം ചെയ്യുകയല്ല വേണ്ടത്. ഗ്ലാമര്‍ ഉണ്ടാക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സര്‍ക്കാരിന് പോലും അവരെ തൊടാന്‍ സാധിക്കാതെ വരികയാണ്. ഇവരെ തുരത്താന്‍ സേനയ്ക്കുള്ളിലുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും തച്ചങ്കരി പറഞ്ഞു. 

അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കി നിയമപരമായി നീങ്ങുന്നതിനു പകരം ജെസിബി എടുത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യും? ഇപ്പോള്‍, സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇടിച്ചു നിരത്തിയ കെട്ടിടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കി നല്‍കാനെന്നും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു. 

ജനങ്ങളുടെ സേവകനാണ് പൊലീസുകാര്‍ എന്ന മാനസികാവസ്ഥയിലേക്ക് എത്താതെ പുതിയ ആകാശവും, പുതിയ ഭൂമിയും, പുതിയ പൊലീസും യാഥാര്‍ഥ്യമാകില്ലെന്നും തച്ചങ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com