സൂര്യനെല്ലി പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്, അതുകൊണ്ട് പെണ്‍കുട്ടി ഇനിയും കരയേണ്ട കാര്യമില്ലെന്ന് സിബി മാത്യൂസ്

എന്റെ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ എഴുതിയാല്‍ അത് 'ക്രൂരമായ ആക്രോശ'വും 'അനീതി'യും ആണത്രെ. ഏതു മാനദണ്ഡപ്രകാരമാണിത്?
സൂര്യനെല്ലി പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്, അതുകൊണ്ട് പെണ്‍കുട്ടി ഇനിയും കരയേണ്ട കാര്യമില്ലെന്ന് സിബി മാത്യൂസ്

കൊച്ചി: സൂര്യനെല്ലി കേസിലെ പ്രതികളെ കേരള ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് ഇപ്പോള്‍ ഉറക്കെ കരയേണ്ട കാര്യമില്ലെന്നും കേസ് അന്വേഷിച്ച മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ സിബി മാത്യൂസ് ആത്മകഥയിലൂടെ വെളിപ്പെടുത്തിയതിനെതിരെ സമകാലിക മലയാളം വാരികയില്‍ ഗീത എഴുതിയ ലേഖനത്തിനു പ്രതികരണമായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, പഠിച്ച സ്‌കൂളുകള്‍, എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഗൂഗിള്‍ നോക്കിയാല്‍ ആര്‍ക്കും കിട്ടും. നിരവധി ഇന്റര്‍വ്യൂകള്‍ പെണ്‍കുട്ടിയും മാതാപിതാക്കളും കഴിഞ്ഞ വര്‍ഷങ്ങളില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഇതിലൊന്നും ഇല്ലാത്ത കാര്യം പുസ്തകത്തില്‍ എഴുതിയിട്ടില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും വേദനിപ്പിച്ചെങ്കില്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച, ഡോ. സിബി മാത്യൂസിന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം: 


തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്‍ സ്വന്തംനാട്ടില്‍ എതിര്‍പ്പുകളും വിലക്കുകളും നേരിട്ടപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാരായ എഴുത്തുകാര്‍ അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണം നല്‍കി. 'ആവിഷ്‌കാര സ്വാതന്ത്ര്യം' എന്നത് ഇടതുപക്ഷ ചിന്താഗതിക്കാര്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ഒരു ആശയമാണല്ലോ. എന്നാല്‍, 'സൂര്യനെല്ലി പെണ്‍കുട്ടീ നിനക്കൊന്ന് ഉറക്കെ കരഞ്ഞുകൂടെ' (സമകാലിക മലയാളം 2017 ജൂലൈ 17) എന്ന ലേഖനത്തിന്റെ കര്‍ത്താവ് ഇത്തരം സ്വാതന്ത്ര്യമൊന്നും 'നിര്‍ഭയം' എന്ന പുസ്തകമെഴുതിയ ആള്‍ക്കു നല്‍കുവാന്‍ തയ്യാറില്ല.

പി.ജെ. കുര്യനെ സൂര്യനെല്ലി സ്ത്രീ പീഡനക്കേസില്‍ പ്രതിയാക്കുവാന്‍ തക്കവിധം മതിയായ തെളിവുകള്‍ എന്റെ അന്വേഷണത്തില്‍ കണ്ടെത്താനായില്ല എന്ന് 1997-ല്‍ത്തന്നെ ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരം ഒരു നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ അന്നുമുതല്‍ ഇന്നുവരേയും ചില സ്ത്രീപക്ഷ ചിന്താഗതിക്കാര്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. അവയൊക്കെ സഹിഷ്ണുതയോടെ ഞാന്‍ സ്വീകരിച്ചു. എന്നാല്‍, എന്റെ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ എഴുതിയാല്‍ അത് 'ക്രൂരമായ ആക്രോശ'വും 
'അനീതി'യും ആണത്രെ. ഏതു മാനദണ്ഡപ്രകാരമാണിത്? എന്റെ അന്വേഷണം തൃപ്തികരമല്ലായിരുന്നുവെങ്കില്‍ വിമര്‍ശകര്‍ക്കു മറ്റൊരു അന്വേഷണത്തിന് ആവശ്യപ്പെടാമായിരുന്നില്ലേ? ഇപ്പോഴും ഗീതയ്ക്ക് അതു സാധിക്കുമല്ലോ. പിന്നെ എന്തേ അതിനു തയ്യാറാവുന്നില്ല?

2014 ഏപ്രില്‍ മാസം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഈ കേസിലെ 24 പ്രതികളെ ശിക്ഷിച്ചു. അതുകൊണ്ട് ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് ഇപ്പോള്‍ ഉറക്കെ കരയേണ്ട കാര്യമൊന്നുമില്ല. 'നിര്‍ഭയ'ത്തിലെ പരാമര്‍ശങ്ങള്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി മുന്‍പാകെ നിലവിലിരിക്കുന്ന അപ്പീലുകളെ ഒരു തരത്തിലും ബാധിക്കുകയില്ല. ഈ അപ്പീലുകള്‍ എത്രയും വേഗം തീര്‍പ്പാക്കുവാന്‍, സ്ത്രീപക്ഷ ചിന്താഗതിക്കാര്‍ എന്തെങ്കിലും ചെയ്യുമോ? ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി കിട്ടണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. 'നിര്‍ഭയ'ത്തിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആ പെണ്‍കുട്ടിയേയും കുടുംബത്തേയും വേദനിപ്പിച്ചുവെങ്കില്‍ അവ നീക്കം ചെയ്യുന്നതില്‍ എനിക്കു വിമുഖതയില്ലെന്നു കൂടി വ്യക്തമാക്കട്ടെ.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, പഠിച്ച സ്‌കൂളുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റ് (ഗൂഗിള്‍) നോക്കിയാല്‍ ആര്‍ക്കും കിട്ടും. നിരവധി ഇന്റര്‍വ്യൂകള്‍ പെണ്‍കുട്ടിയും മാതാപിതാക്കളും കഴിഞ്ഞ വര്‍ഷങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഇല്ലാത്ത ഒരു കാര്യം ഞാന്‍ 'നിര്‍ഭയം' എന്ന പുസ്തകത്തില്‍ കൊടുത്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com