ക്യൂബ രക്ഷപെട്ടത് ഗോസംരക്ഷണത്തിലൂടെ, ഡിവൈഎഫ്‌ഐക്കാര്‍ ഇതു മനസിലാക്കണമെന്ന് ആര്‍എസ്എസ്

പശുക്കളെ ആധാരമാക്കിയുള്ള കാര്‍ഷികശൈലി സ്വീകരിച്ചതാണ് ക്യൂബയുടെ പുരോഗതിക്ക് കാരണം
ക്യൂബ രക്ഷപെട്ടത് ഗോസംരക്ഷണത്തിലൂടെ, ഡിവൈഎഫ്‌ഐക്കാര്‍ ഇതു മനസിലാക്കണമെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം: ക്യൂബ ദാരിദ്ര്യത്തില്‍നിന്ന് രക്ഷപെട്ടത് പശുസംരക്ഷണത്തിലൂടെയെന്ന് ആര്‍എസ്എസ്. ദാരിദ്ര്യത്തില്‍നിന്നും സാമ്പത്തിക മാന്ദ്യത്തില്‍നിന്നും ക്യൂബ കരകയറിയത് പശുവിലൂടെയാണെന്നും ഇത് കേരളത്തിലെ ഡിവൈഎഫ്‌ഐക്കാര്‍ മനസിലാക്കണമെന്നും ആര്‍എസ്എസ് പ്രസിദ്ധീകരിച്ച പുസ്തകം പറയുന്നു. 

പശുക്കളെ ആധാരമാക്കിയുള്ള കാര്‍ഷികശൈലി സ്വീകരിച്ചതാണ് ക്യൂബയുടെ പുരോഗതിക്ക് കാരണം. പശു സംരക്ഷകര്‍ക്ക് ക്യൂബ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു. പശുക്കളെ കൊന്നാല്‍ ക്യൂബയില്‍ ഏഴുവര്‍ഷം കഠിനതടവാണ് ശിക്ഷയെന്നും പുസ്തകത്തിലുണ്ട്. 'മടങ്ങാം ഗ്രാമത്തിലേക്ക്, ഗോവിലേക്ക്, കൃഷിയിലേക്ക്, പ്രകൃതിയിലേക്ക്' എന്നപേരില്‍ ആര്‍എസ്എസിന്റെ ഗോസേവാ വിഭാഗമാണ് പുസ്തകമിറക്കിയത്.

രാജ്യത്ത് അരങ്ങേറിയ ബീഫ് ഫെസ്റ്റിവലുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ മരുന്നുകമ്പനികളാണെന്നും പുസ്തകം പറയുന്നുണ്ട്. ഇന്ത്യയിലെ മരുന്നുകമ്പനികള്‍ 1948ല്‍ 12 കോടിയുടെ മരുന്നുകളാണ് വിറ്റഴിച്ചത്. 1990ല്‍ ഇത് 4300 കോടിയായി.

1760നുമുമ്പ് രാജ്യത്ത് അറവുശാലകള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ എത്തുന്നതിനുമുമ്പ് ഗോവധം കഠിനശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. ഇന്ത്യയെ പശ്ചാത്യവത്കരിക്കുന്നതിന് പശുക്കളെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ബംഗാള്‍ ഗവര്‍ണറായിരുന്ന റോബര്‍ട്ട് ക്ലൈവ് 1760ല്‍ കൊല്‍ക്കത്തയില്‍ ആദ്യത്തെ അറവുശാല സ്ഥാപിച്ചത് ഈ ലക്ഷ്യമിട്ടാണെന്ന് പുസ്തകം ആരോപിക്കുന്നു.

ഇറാനും മ്യാന്‍മാറും ഗോവധം നിരോധിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ ഗോവധത്തിനെതിരേ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com