വ്യാജരേഖയുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കും

എട്ടുമാസം മെഡിക്കല്‍ അവധിയിലായിരുന്നെന്ന നിലയില്‍ വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി
വ്യാജരേഖയുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കും

തിരുവനന്തപുരം:കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് വീണ്ടും നിയമക്കുരുക്കുകള്‍. വ്യാജരേഖയുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനം. 

എട്ടുമാസം മെഡിക്കല്‍ അവധിയിലായിരുന്നെന്ന നിലയില്‍ വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിജിലന്‍സ് പരിശോധനയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ജൂലായ് 21ന് ശുപാര്‍ശ ചെയ്തു.

ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിറ്റേദിവസംതന്നെ അംഗീകരിച്ച് തുടര്‍നടപടിക്ക് നിര്‍ദേശിച്ചു.വിഷയത്തില്‍ സെന്‍കുമാറിന്റെ പ്രതികരണം ഇതവരെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് 2016 ജൂണില്‍ സെന്‍കുമാറിനെ പോലീസ് മേധാവി പദത്തില്‍നിന്ന് മാറ്റിയിരുന്നു. ജൂണ്‍ ഏഴിനു ചീഫ് സെക്രട്ടറിക്കു നല്‍കിയ അപേക്ഷയില്‍, വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പകുതിശമ്പളത്തില്‍ അവധി അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നുള്ള എട്ടു മാസങ്ങളിലും പകുതിശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാട്ടി അപേക്ഷ നല്‍കി. ഈ അപേക്ഷകളില്‍ അവധി അനുവദിക്കുകയും ഉത്തരവിന്റെ പകര്‍പ്പ് പകുതിശമ്പളം നിശ്ചയിക്കാന്‍ അക്കൗണ്ടന്റ് ജനറലിനു കൈമാറുകയും ചെയ്തതായി ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. 30 വര്‍ഷം ജോലിചെയ്തു പരിചയമുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹം പകുതിശമ്പളത്തില്‍ അവധി കഴിഞ്ഞു മടങ്ങിയെത്തിയശേഷം മുഴുവന്‍ ശമ്പളത്തോടെ മെഡിക്കല്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മതസപര്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തി, ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായ പരാമര്‍ശം നടത്തി തുടങ്ങിയ പരാതികളില്‍ സെന്‍കുമാര്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇതിനു പുറമെയാണ് വ്യാജരേഖാ കേസ്. വിജിലന്‍സ് ഡിവൈ.എസ്.പി. ബിജിമോനാണ് പ്രാഥമികാന്വേഷണം നടത്തിയത്.

മെഡിക്കല്‍ അവധിക്കായി സെന്‍കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് വിജിലന്‍സ് പറയുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചും സെന്‍കുമാറിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചുമാണ് ഈ നിഗമനം.

ആയുര്‍വേദാശുപത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com