കടക്കു പുറത്ത്: സമാധാന യോഗത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് മുഖ്യമന്ത്രി

കടക്കു പുറത്ത്: സമാധാന യോഗത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് മുഖ്യമന്ത്രി

ചര്‍ച്ച നടക്കുന്ന മുറിയില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് ക്യാമറ എന്തിനാണ് മുറിയില്‍ കയറ്റിയത് എന്നു ചോദിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി. മുഖ്യമന്ത്രി തന്നെയാണ് ശകാരത്തോടെ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത്. 

മസക്റ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയും ബിജെപി, ആര്‍എസ്എസ് നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച  രാവിലെ പത്തിന് തുടങ്ങിയത്. ചര്‍ച്ച നടക്കുന്ന മുറിയില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് ക്യാമറ എന്തിനാണ് മുറിയില്‍ കയറ്റിയത് എന്നു ചോദിക്കുകയായിരുന്നു. ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോട് പുറത്തുപോവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങാന്‍ വൈകിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് ആജ്ഞാപിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഇടപെടുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കു താത്പര്യമില്ലാത്തതിനാല്‍ യോഗം നടക്കുന്നിടത്തു കടക്കാന്‍ അനുവദിക്കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

സാധാരണ ഗതിയില്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ഇത്തരം യോഗങ്ങള്‍ നടക്കാറ്. ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം ലഭിക്കാറില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണമുള്ള യോഗത്തിലും ചര്‍ച്ച തുടങ്ങുന്ന ഘട്ടത്തില്‍ വിഷ്വലുകള്‍ എടുക്കാന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ അനുവദിക്കുകയാണ് പതിവ്. 

യോഗത്തിലേക്കു പ്രവേശനമില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയിപ്പു ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരില്‍ അമ്പരപ്പാണ് ഉളവാക്കിയത്.

സിപിഎം, ബിജെപി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നത് അണികളില്‍ അനുകൂല വികാരമുണ്ടാക്കുന്ന ഘടകമാണ്. എന്നിട്ടും ഈ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാത്തത് എന്തുകൊണ്ടെന്നു വ്യക്തമല്ലെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com