കാമുകനെത്തി, വധു വരനോട് പറഞ്ഞു ''എനിക്കയാള്‍ക്കൊപ്പം ജീവിക്കാനാണിഷ്ടം'', പിന്നെ കൂട്ടയടി

കാമുകന് നേരെ വിരല്‍ചൂണ്ടി വധു പറഞ്ഞു, എനിക്ക് അയാളോടൊപ്പം ജീവിക്കാനാണ് ഇഷ്ടം
കാമുകനെത്തി, വധു വരനോട് പറഞ്ഞു ''എനിക്കയാള്‍ക്കൊപ്പം ജീവിക്കാനാണിഷ്ടം'', പിന്നെ കൂട്ടയടി

ഗുരുവായൂര്‍: കാമുകന് നേരെ വിരല്‍ചൂണ്ടി വധു പറഞ്ഞു, എനിക്ക് അയാളോടൊപ്പം ജീവിക്കാനാണ് ഇഷ്ടം. താലികെട്ട് കഴിഞ്ഞ് മിനിറ്റുകള്‍ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു അപ്പോള്‍. സ്തംഭിച്ചുപോയ വരന്‍ വിവരം അമ്മയോട് പറഞ്ഞു. വിവാഹത്തിനെത്തിയ ബന്ധുക്കള്‍ക്ക് ഇടയിലേക്ക് ഇത് പടര്‍ന്നുപിടിച്ചതോടെ ക്ഷേത്രത്തിനുള്ളില്‍ കൂട്ടയടിയായി. 

ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു സംഭവം. സദ്യാലയത്തിലേക്ക് എത്തിച്ച് വധൂവരന്മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വധു നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞ് വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ വളഞ്ഞു. 

ഇരുവീട്ടുകാരും തമ്മില്‍ അടിയായതോടെ സദ്യാലയ ഉടമ പൊലീസിനെ അറിയിച്ചു. പൊലീസെത്തി അനുനയ ശ്രമം നടത്തിയെങ്കിലും തങ്ങളെ ചതിച്ചവരുമായി ഇനി ബന്ധം വേണ്ടെന്ന് വരന്റെ കുടുംബവും ഉറപ്പിച്ചു പറഞ്ഞു. ഇതിന് പിന്നാലെ വരന്റെ ബന്ധുക്കള്‍ ഒന്‍പത് പവന്റെ താലിമാല ഉള്‍പ്പെടെയുള്ള ആഭരണങ്ങളും, വിവാഹ സാരിയും, ചെരുപ്പും, വധുവിന് വാങ്ങിക്കൊടുത്തിരുന്ന വിലകൂടിയ മൊബൈല്‍ ഫോണും തിരിച്ചുവാങ്ങി. 

പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നത് മറച്ചുവെച്ച് ചതിച്ചുവെന്നു, നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് വരനും കൂട്ടരും ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് ധാരണയായിരിക്കുന്നത്. 

ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശിയായ വരന്റേയും, മുല്ലശേരി സ്വദേശിനിയായ വധുവിന്റേയും വിവാഹം. മൂന്ന് തരം പായസവുമായിട്ടായിരുന്നു സദ്യ തയ്യാറാക്കിയിരുന്നത്. എന്നാല്‍ വിവാഹത്തിനെത്തിയ വരന്റെ ബന്ധുക്കളാരും ആ വഴിക്ക് പോയില്ല. ഹര്‍ത്താലായതിനാല്‍ ഇവര്‍ക്ക് പുറത്ത് നിന്നും ഭക്ഷണം ലഭിച്ചില്ല. 

വരന്റെ ഭാഗത്ത് നിന്നുമെത്തിയ ഇരുന്നൂറോളം പേര്‍ വെള്ളം പോലും കുടിക്കാന്‍ സാധിക്കാതെയാണ് നാട്ടിലേക്ക് തിരികെ പോയത്. വരന്റെ മുത്തശ്ശി കല്യാണമണ്ഡപത്തിലിരുന്നു നിലവിളിക്കുന്നുണ്ടായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com