രാജേഷിനെ കൊലപ്പെടുത്തിയത് എതിരാളിക്കൊപ്പം കൂട്ടുകൂടിയതിന്റെ വൈരാഗ്യത്താലെന്ന് എഫ്‌ഐആര്‍

കൊല്ലപ്പെട്ട രാജേഷും മുഖ്യപ്രതിയെന്ന് കരുതുന്ന മണിക്കുട്ടനും തമ്മില്‍ മുമ്പും ഏറ്റുമുട്ടിയിരുന്നു
രാജേഷിനെ കൊലപ്പെടുത്തിയത് എതിരാളിക്കൊപ്പം കൂട്ടുകൂടിയതിന്റെ വൈരാഗ്യത്താലെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയത് എതിരാളികള്‍ക്കൊപ്പം കൂട്ടുകൂടിയതിന്റെ വൈരാഗ്യംമൂലമെന്ന് എഫ്‌ഐആര്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. നാലുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിക്കും. 

കൊല്ലപ്പെട്ട രാജേഷും മുഖ്യപ്രതിയെന്ന് കരുതുന്ന മണിക്കുട്ടനും തമ്മില്‍ മുമ്പും ഏറ്റുമുട്ടിയിരുന്നു. ഇതിനെപ്പറ്റി ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ രണ്ടു എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് രണ്ടിലും രാഷ്ട്രീയ വൈരാഗ്യം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. 

രാജേഷും മണിക്കുട്ടനും തമ്മിലുള്ള വ്യക്തിവൈരാഗ്യം ഇവര്‍ ഉള്‍പ്പെട്ട സംഘങ്ങളിലേക്കും നീങ്ങുകയായിരുന്നു. മണിക്കുട്ടന്റെ എതിരാളിയായ നിഷാദിനൊപ്പം രാജേഷ് കൂട്ടുകൂടിയതാണ് വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമായത്. 

ജൂലൈ ഏഴിനാണ് രണ്ട് ഏറ്റുമുട്ടലുകളും നടന്നത്. രാജേഷിന്റെ അമ്മാവന്‍ പ്രഭാകരന്റെ മകന്‍ വിഷ്ണു നല്‍കിയ പരാതിയിലാണ് ഒമ്പതിന് ശ്രീകാര്യം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴിന് രാത്രി ഒമ്പത് മണിക്ക് ആക്രമണം നടന്നുവെന്ന് കാണിച്ച് എട്ടിന് രാത്രി 8.05ന് വിഷ്ണു നല്‍കിയ പരാതിയിലാണ് ഒമ്പതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.മണിക്കുട്ടനും സംഘവും വീട് കയറി തന്നെയും കുടുംബാംഗങ്ങളെയും ആക്രമിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു. മണിക്കുട്ടന്റെ എതിരാളിയായ നിഷാദിനൊപ്പം കൂട്ടുകൂടിയെന്ന വിരോധത്തിലായിരുന്നു ആക്രമണമെന്ന് എഫ്‌ഐആറിലുണ്ട്.

ഏഴിന് രാത്രി ഒമ്പതിന് വിഷ്ണുവും കുടുംബവും താമസിക്കുന്ന കരുമ്പൂക്കോണം ശ്രീനഗര്‍ വേലാംകോണത്തെ വീട്ടില്‍ 
മണിക്കുട്ടനും കൂട്ടുകാരും അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിനെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും ആക്രമിച്ചു. കേസിലെ രണ്ടാംപ്രതിയാണ് മണിക്കുട്ടന്‍. രാജേഷ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ വിജിത് ഒന്നാംപ്രതിയും എബി, സിബി എന്നിവര്‍ മൂന്നും നാലും പ്രതികളുമാണ്.

ഈ ആക്രമണത്തിന് തിരിച്ചടിയായി രാജേഷിന്റെ നേതൃത്വത്തില്‍ വിജിത്തിന്റെ വീട്ടില്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടുള്ളതാണ് രണ്ടാമത്തെ എഫ്‌ഐആര്‍. വേളാംകോണം സ്വദേശിയും വിജിത്തിന്റെ സഹോദരനുമായ വിപിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ വിഷ്ണു ഒന്നാംപ്രതിയും കൊല്ലപ്പെട്ട രാജേഷ് അഞ്ചാംപ്രതിയുമാണ്. പത്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴിന് രാത്രി വിപിന്റെ വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ച് കയറി അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. തടയാന്‍ ചെന്ന വിപിനെ ആക്രമിച്ചു. തെറിവിളിക്കുകയും വാതിലും ജനല്‍ഗ്‌ളാസും അടിച്ചുതകര്‍ക്കുകയുമായിരുന്നെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഒമ്പതിന് പകല്‍ 3.30ന് വിപിന്‍ നല്‍കിയ പരാതിയിലാണ് 10ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ദിവസങ്ങളായി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ഈ കൊലപാചകം കൂടിയായപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരുന്നു. രാജേഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടെ യൂണിവേഴ്സ്റ്റി സ്റ്റുഡന്റ് സെന്റര്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com