നിഷാം കാരുണ്യ ധര്‍മ്മസ്‌നേഹി; ജയില്‍ മോചനത്തിനായി നാട്ടുകാരുടെ പൊതുയോഗം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 01st June 2017 10:52 AM |
Last Updated: 01st June 2017 03:00 PM | A+A A- |

തൃശ്ശൂര്‍: സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ അവുഭവിക്കുന്ന മുഹമ്മദ് നിഷാമിനെ പുറത്തിറക്കാന്‍ നാട്ടുകരാടുടെ പൊതുയോഗം. അന്തിക്കാടിന് സമീപം മുറ്റിച്ചൂരിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗം നടക്കുന്നത് അറിയിച്ചുകൊണ്ടുള്ള നോട്ടീസില്‍ നിഷാമിനെ പൊതുകാര്യ ധനസഹായിയും കാരുണ്യ ധര്‍മ്മസ്‌നേഹിയും കായിക സംരംഭ പ്രവര്‍ത്തകനുമായാണ് വിവരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസില്‍ നിഷാമിന്റെ ജയില്‍ മോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം നടത്തുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായാണ് നിഷാം കൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ നിഷാം ഉള്ളത്. യോഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നിഷാമിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമാണ്. അര്‍ദ്ധരാത്രി ദീര്‍ഘയാത്ര കഴിഞ്ഞുവരുമ്പോള്‍ ഉണ്ടായ യാദൃശ്ചികമായ സംഭവം എന്നാണ് കൊലപാതകത്തെ നോട്ടീസില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിച്ചുകാട്ടി നിഷാമിനെ കൊടും ഭീകനാക്കിയെന്നും നോട്ടീസില്‍ പറയുന്നു.