പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം എട്ടു പേര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2017 12:25 PM |
Last Updated: 01st June 2017 05:02 PM | A+A A- |

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പില്‍ പ്രതിഷേധിക്കാന്‍ കണ്ണൂരില്‍ പരസ്യമായി കാളയെ അറുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി റിജില്‍ മാക്കൂറ്റി ഉള്‍പ്പെടെ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പരസ്യ കശാപ്പ് നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിയമ നടപടി നേരിടാന്‍ തയാറാണെന്ന് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ ഇവരോട് സ്‌റ്റേഷനില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.
പരസ്യകശാപ്പു നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്‌സ് നടപടിക്കെതിരെ ട്വീറ്റ് ചെയ്തു. കിരാതമായ നടപടിയാണ് ഉണ്ടായതെന്നും ഇത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് വിരുദ്ധമാണ് എന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്. പാര്‍ട്ടി നേതൃത്വം തള്ളിപ്പറഞ്ഞതിനു പിന്നാലെ മാക്കുറ്റി അടക്കം മൂന്നു പേരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.