മദ്യമുതലാളിമാരോടുള്ള ഉപകാരസ്മരണയാണ് സര്‍ക്കാര്‍ നയമെന്ന് രമേശ് ചെന്നിത്തല
Published: 01st June 2017 04:43 PM |
Last Updated: 01st June 2017 07:17 PM | A+A A- |

തിരുവനന്തപുരം: മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായ അധികാരം എടുത്തുകളഞ്ഞ നടപടിയും ദേശീയ പാത നിലവില്‍ ഇല്ലാത്തതിനാല്‍ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകല്‍ തുറക്കാനുള്ള അനുമതിയിലൂടെയും തെരഞ്ഞെടുപ്പിന് വേണ്ടി പണവും ആളെയും ഒഴുക്കിയതിന്റെ ഉപകാര സ്മരണയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടയ്ക്കണമെന്ന് സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ ഇതിലൂടെ അട്ടിമറിച്ചിരിക്കുന്നത്. ദേശീയ പാത നിലവിലില്ലെന്ന പറയുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ദേശീയ പാത ആറടിയായി വികസിപ്പിക്കണമെന്ന് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു. സാങ്കേതികമായ വാദങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ നടപടിയിലൂടെ പൂട്ടിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ നവികാരം ഉയര്‍ന്നു വരും.
വരാനിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ സാമ്പിളാണ് പുതിയ തീരമാനം. തദ്ദേശസ്ഥാപനങ്ങളുടെ നിരാക്ഷേപപത്രം ഒഴിവാക്കുന്നതിലൂടെ ജനവാസകേന്ദ്രങ്ങളില്‍ കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള കുത്സിതശ്രമമാണ്. എ്ക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് യഥേഷ്ടം മദ്യഷാപ്പുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്നതിലൂടെ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനാകുമെന്നും ചെന്നിത്തല അഭി്പ്രായപ്പെട്ടു