സംസ്ഥാന സര്‍ക്കാര്‍ മദ്യ ലോബിക്ക് കീഴടങ്ങി, ഹൈക്കോടതി വിധി ദുരൂഹം; വിമര്‍ശനവുമായി സുധീരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2017 01:08 PM |
Last Updated: 01st June 2017 05:44 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും മദ്യലോബിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മദ്യവില്‍പ്പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിബന്ധ എടുത്തു കളയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സുധീരന്റെ വിമര്‍ശനം.
ജനനന്മയേക്കാള്‍ മദ്യലോബിയുടെ താല്‍പര്യത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ്ണമായും മദ്യലോബിക്ക് കീഴടങ്ങി എന്നത് വ്യക്തമാക്കുന്ന തീരുമാനമാണിത്. സര്‍ക്കാരിന്റെ യജമാനന്മാര്‍ മദ്യരാജാക്കന്മാരാണെന്ന് ഒരിക്കല്‍ കൂടി ഈ തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തുന്നു.
മദ്യലോബിക്ക് വേണ്ടി മാത്രം കൊണ്ടുവരുന്ന ഈ ഓര്‍ഡിനന്‍സില്‍ ബഹു. ഗവര്‍ണര്‍ ഒപ്പു വയ്ക്കരുതെന്നാണ് അഭ്യര്‍ഥിക്കുന്നതെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പാതയോരങ്ങളില്‍ 500 മീറ്ററിനകമുള്ള മദ്യവില്‍പനശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള സുപ്രീം കോടതിവിധിയുടെ അന്തസത്ത അട്ടിമറിക്കുന്നതാണ് ഇന്നലത്തെ ഹൈക്കോടതി വിധിയെന്നും സുധീരന്‍ വിമര്‍ശിച്ചു.
പേരു മാറ്റിയതു കൊണ്ടു മാത്രം ഈ പാതകളിലെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ഇല്ലാതാകുമോ? എന്തുകൊണ്ട് ഈ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെട്ടില്ല എന്നും സുധീരന്‍ ചോദിക്കുന്നു. ഹൈക്കോടതിയുടെ വിധിയിലൂടെ രക്ഷപ്പെട്ടത് മദ്യക്കച്ചവടക്കാരാണ്. ശിക്ഷിക്കപ്പെടുന്നത് നിസഹായരായ ജനങ്ങളും.