മക്കള്‍ മലയാളം പഠിക്കട്ടെ; കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത്‌ രാജേഷും ബല്‍റാമും

കേന്ദ്രീയ വിദ്യാലയയില്‍ എം.പി.മാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സര്‍ക്കാര്‍ സ്‌ക്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാജേഷ്
മക്കള്‍ മലയാളം പഠിക്കട്ടെ; കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത്‌ രാജേഷും ബല്‍റാമും

ഇന്ന് പ്രവേശനോത്സവമായിട്ടും ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളായിട്ടല്ല എം.ബി.രാജേഷ് എംപിയും, വി.ടി.ബല്‍റാം എംഎല്‍എയും സ്‌കൂളുകളിലേക്കെത്തിയത്. മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാനായിരുന്നു ഇരുവരുടേയും വരവ്‌. 

ഒന്നാം ക്ലാസിലേക്കെത്തുന്ന തന്റെ രണ്ടാമത്തെ മകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് എം.ബി.രാജേഷ് ചേര്‍ത്തിരിക്കുന്നത്. മൂത്തമകള്‍ നിരജ്ഞനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസിലും ചേര്‍ത്തു. 

കേന്ദ്രീയ വിദ്യാലയയില്‍ എം.പി.മാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സര്‍ക്കാര്‍ സ്‌ക്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാജേഷ് പറയുന്നു.  പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇത്തരമൊരു കാര്യം ചെയ്യാനായതില്‍ അഭിമാനിക്കുന്നുവെന്നും രാജേഷ് പറയുന്നു. 

തന്റെ വീടിന് സമീപത്തുള്ള അരിക്കോട് എല്‍പി സ്‌കൂളിലാണ് വി.ടി.ബല്‍റാം മകന്‍ അദൈ്വത് മാനവിനെ ചേര്‍ത്തത്.
ജാതിയും മതവും ചോദിക്കുന്ന കോളത്തില്‍ മതമില്ല എന്ന് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയായതിന് ശേഷം അവന് ഇഷ്ടപ്പെട്ട മതം വേണമെങ്കില്‍ തെരഞ്ഞെടുക്കാമല്ലോയെന്നാണ് ബല്‍റാം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com