നേതാവിനെ വരവേല്‍ക്കാന്‍ സ്വഛ ഭാരത് മറന്നു, മെട്രൊ തൂണുകളില്‍ നിറഞ്ഞ് ബിജെപി പതാകകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd June 2017 10:33 AM |
Last Updated: 03rd June 2017 11:21 AM | A+A A- |

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വരവേല്‍ക്കാന്‍ പാര്‍ട്ടി കൊച്ചി മെട്രൊയുടെ തൂണുകളില്‍ ഫഌക്‌സുകളും ബാനറുകളും പതിച്ചത് നീക്കം ചെയ്യാന്‍ കെഎംആര്‍എല്‍ ആവശ്യപ്പെട്ടു. മെട്രൊ തൂണുകളില്‍ പരസ്യങ്ങളോ പ്രചാരണ ബോര്‍ഡുകളോ പതിക്കരുതെന്ന് നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ കെഎംആര്‍എല്‍ നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘകനകളും എല്ലാം തന്നെ ഇതു പാലിച്ചുവരുമ്പോഴാണ് അമിത് ഷായുടെ സ്വീകരണം കൊഴുപ്പിക്കാന്‍ ബിജെപി പതിവു തെറ്റിച്ചത്. ബോര്‍ഡുകളും ബാനറുകളും പതാകകളും നീക്കം ചെയ്യാന്‍ ബിജെപി ഇരുപത്തിനാലു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
പൊതുപരിപാടികള്‍ ഒന്നും ഇല്ലാതിരുന്നിട്ടും വന്‍ സ്വീകരണമാണ് കൊച്ചിയില്‍ ബിജെപി അമിത് ഷായ്ക്ക ഒരുക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തെ കാവിയില്‍ മുക്കി എല്ലായിടത്തും ബാനറുകളും പതാകകളും സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമാണ് മെട്രൊ തൂണുകളിലും പാര്‍ട്ടി പതാകയും പോസ്റ്ററുകളും ഇടം പിടിച്ചത്.
സ്വഛഭാരത പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീവ്രശ്രമം നടത്തുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. വൃത്തിയുള്ള ഹരിത നഗരം പദ്ധതി ലക്ഷ്യമിട്ട് കൊച്ചി മെട്രൊ പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വമുള്ള മറ്റു സംഘടനകളും പൗരന്മാരും അതിനൊപ്പം നില്‍ക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വം ഇരുപത്തിനാലു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അതു നിര്‍വഹിക്കാത്ത പക്ഷം കെഎംആര്‍എല്‍ സ്വന്തം നിലയ്ക്കു നീക്കം ചെയ്യുമെന്നും കൊച്ചി മെട്രൊ അധികൃതര്‍ പറഞ്ഞു.