ഭരണം കിട്ടുന്നതുവരെ ബിജെപിക്കാര്‍ വിശ്രമിക്കരുത്; കേരളം പിടിച്ചാലേ തൃപ്തിയാകൂവെന്ന് അമിത് ഷാ

ബിജെപി. പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം ഉടന്‍ നടപടികളെടുക്കും
ഭരണം കിട്ടുന്നതുവരെ ബിജെപിക്കാര്‍ വിശ്രമിക്കരുത്; കേരളം പിടിച്ചാലേ തൃപ്തിയാകൂവെന്ന് അമിത് ഷാ

കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ ജയിച്ചാലൂം കേരളത്തിലെ ഭരണം കിട്ടിയാലെ തൃപ്തിയാകു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കലൂര്‍ എ.ജെ. ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി. ജന പ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപി. പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം ഉടന്‍ നടപടികളെടുക്കും. ഭരണം കിട്ടുന്നതുവരെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വിശ്രമിക്കരുത്.ദയനീയാവസ്ഥയിലായിരുന്ന സംസ്ഥാനങ്ങളില്‍ വരെ ബിജെപി. ഇന്ന് വന്‍ ശക്തിയായി മാറിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലും ഇത് സാധിക്കണം. അമിത് ഷാ പറഞ്ഞു. കുടിവെള്ള സംരക്ഷണത്തിനുള്ള ബിജെപി.യുടെ ജലസ്വരാജ് പദ്ധതിയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ അമിത് ഷാ നിര്‍വഹിച്ചു.

തനിക്ക് വോട്ടിങ് ശതമാനം കൂടിയതിന്റെ കണക്ക് കേള്‍ക്കേണ്ടെന്നും വിജയക്കണക്കുകള്‍ കേട്ടാല്‍ മതിയെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ നേതാക്കളോട് പറഞ്ഞു. ബിജെപിയുടെ വോട്ടിങ് ശതമാനം വര്‍ദ്ധിച്ചതിനെപ്പറ്റി നേതാക്കള്‍ വാചാലരായപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു സീറ്റ് കിട്ടണം, അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും ഷാ ഓര്‍മ്മിപ്പിച്ചു.കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രതിനിധി വേണമെന്ന ആവശ്യത്തോട് അമിത് ഷാ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണു വിവരങ്ങള്‍.  2019 ലെ തെരഞ്ഞെടുപ്പില്‍ സീറ്റുമായി വന്നിട്ട് അതെല്ലാം നോക്കാമെന്നാണ് അമിത് ഷാ നേതാക്കളോട് പറഞ്ഞത്. കേരളത്തില്‍ എന്‍ഡിഎയില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും ബൂത്തു കമ്മിറ്റികള്‍ വിഭജിച്ചുകൊണ്ട് താഴെ തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും എന്‍ഡിഎ മൂന്നാം ബദലായി വളര്‍ന്നുവരണമെന്നും അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത ഷാ ഘടകകക്ഷികളുടെ ബോര്‍ഡ്,കോര്‍പ്പറേഷന്‍ പദവികളെക്കുറിച്ചുള്ള ആവശ്യം എത്രയും വേഗം പരിഗണിക്കും എന്ന് വാക്കു കൊടുത്തതായാണ് വിവരം. 

ഇന്നലെ ക്രൈസ്തവ മതമേലധക്ഷ്യന്‍മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും കാര്‍ഷിക പ്രശ്‌നങ്ങളിലും കേന്ദ്രം ഉടന്‍ ഇടപെടുമെന്ന് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ക്ക് അമിത് വാക്കുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com