ദേശവിരുദ്ധ, തീവ്രവാദ ശക്തികള്‍ വയനാടിനെ ഒളിത്താവളമാക്കുന്നുവെന്ന് പിണറായി വിജയന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 04th June 2017 10:03 PM |
Last Updated: 06th June 2017 12:14 AM | A+A A- |

കല്‍പ്പറ്റ: ദേശവിരുദ്ധശക്തികളും തീവ്രവാദവിഭാഗങ്ങളും വയനാടിനെ ഒളിത്താവളമായാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പുതുതായി നിര്‍മിച്ച ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിര്‍മിച്ച കമ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളുടെയും ഉദ്ഘാടനം ജില്ല പൊലീസ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടെയാണ് വയനാടിനെപ്പറ്റി ഇത്തരത്തില്‍ സംസാരിച്ചത്.
രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും വനപ്രദേശമായതിനാലും വയനാട്ടില്‍ ദേശവിരുദ്ധശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനനില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാല്‍, അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കുറ്റവാളികളോട് കാര്‍ക്കശ്യവും സാമാന്യജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പൊലീസാണ് സര്‍ക്കാറിന്റെ നയം. ജനങ്ങള്‍ക്കെതിരെയോ ചൂഷകരുടെ പക്ഷത്തോ നില്‍ക്കാന്‍ പാടില്ല. മോശം ശൈലി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി ഉണ്ടാകും. നീതിയും സുരക്ഷയും പക്ഷപാതിത്വം ഇല്ലാതെ നടപ്പാക്കി പൊലീസ് ഡ്യൂട്ടി ചെയ്യുകയാണ് വേണ്ടത്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരോട് മൃദുസമീപനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.