വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th June 2017 02:00 PM |
Last Updated: 05th June 2017 06:27 PM | A+A A- |

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. മനുഷ്യാവകാശ കമ്മിഷന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നത്.
കൊലപാതകമാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയിലാണ് പതിമുന്ന് വയസുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ചില്‍ ഈ പെണ്‍ കുട്ടിയുടെ സഹോദരിയായ ഒന്‍പതു വയസുകാരിയേയും സമാന സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടികള്‍ പീഢനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിരുന്നു. മൂത്ത കുട്ടിയെ ബന്ധു പലതവണ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായി കുട്ടിയുടെ അമ്മയും പൊലീസിന് മൊഴി നല്‍കിയിരുന്നു.
കൊലപാതക സാഹചര്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാകുന്നതിനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്.