'പ്രമുഖ'നായി എത്തിയത് ശശി മാത്രം, റാഞ്ചല്‍ പദ്ധതി പാടേ പൊളിഞ്ഞ് ബിജെപി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരര സംഗമത്തില്‍ ആകെ എത്തിക്കാനായത് സിപിഐയില്‍നിന്ന് നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശിയെ മാത്രമാണ്
'പ്രമുഖ'നായി എത്തിയത് ശശി മാത്രം, റാഞ്ചല്‍ പദ്ധതി പാടേ പൊളിഞ്ഞ് ബിജെപി

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന പാര്‍ട്ടി നേതാക്കളുടെ അവകാശവാദം പാടേ പൊളിഞ്ഞു. അമിത് ഷായ്ക്കു മുന്നില്‍ പൊതുസമൂഹത്തില്‍ സ്വീകാര്യതയുള്ള പ്രമുഖരെ അണിനിരത്താനുള്ള സംസ്ഥാന  നേതൃത്വത്തിന്റെ ശ്രമത്തിന് ഒരു പ്രതികരണവും ഉണ്ടാക്കാനായില്ല. മറ്റു പാര്‍ട്ടികളില്‍നിന്നുള്ളവരെ അമിത് ഷായുടെ സന്ദര്‍ശനത്തോടെ ബിജെപിയില്‍ എത്തിക്കാനും കുമ്മനം രാജശേഖരനും കൂട്ടരും നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരര സംഗമത്തില്‍ ആകെ എത്തിക്കാനായത് സിപിഐയില്‍നിന്ന് നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശിയെ മാത്രമാണ്. പ്രമുഖര്‍ എന്നു പറയാവുന്ന ആരെയും എത്തിക്കാനാവാത്തതില്‍ സംസ്ഥാന നേതൃത്വത്തെ അമിത് ഷാ അതൃപ്തി അറിയിക്കുകയും ചെയ്തു.

മുന്‍ അംസാബസഡര്‍ ടിപി ശ്രീനിവാസന്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോള്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ആര്‍ മാധവന്‍ നായര്‍, ചലച്ചിത്ര നടന്‍ ബാബു നമ്പൂതിരി, ഗായകന്‍ ജി വേണുഗോപാല്‍, സംഗീതജ്ഞ ഓമനക്കുട്ടി എന്നിവരാണ് ബിജെപിയുടെ പൗരസംഗമത്തിനെത്തിയ പ്രമുഖര്‍. അമിത് ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന സംഗമത്തിനായി സംസ്ഥാനത്തെ ഒട്ടുമിക്ക സാംസ്‌കാരിക നായകരെയും ബിജെപി നേതൃത്വം ബന്ധപ്പെട്ടിരുന്നു. പരമാവധി പേരെ സംഗമത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് സംസ്‌കാരിക നായകര്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.  ചലച്ചിത്ര രംഗത്തുനിന്ന് ചില പ്രമുഖര്‍ സംഗമത്തിന് എത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം ഇവര്‍ ഒഴിവാകുകയായിരുന്നുവെന്നാണ് അറിയുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള അര ഡസന്‍ പെരെയെങ്കിലും സംഗമത്തിന് എത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ വെഞ്ഞാറമൂട് ശശി മാത്രമാണ് പരിപാടിക്ക് എത്തിയത്. ശശിയാണെങ്കില്‍ സിപിഐയില്‍നിന്ന് നടപടി നേരിട്ടതിനു ശേഷം ആര്‍എസ്പിയും പിന്നീട് ജനതാ ദളിലും ചേക്കേറിയിരുന്നു.

കൊട്ടിഘോഷിച്ചു നടത്തിയ പരിപാടി കാര്യമായ പ്രതികരണമൊന്നുമില്ലാതെ പോയതില്‍ ബിജെപി നേതൃത്വം അസ്വസ്ഥരാണ്. അമിത് ഷാ നേതാക്കളെ ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചാണ് മടങ്ങിയത് എന്നാണ് സൂചനകള്‍. അമിത് ഷായുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം കൊണ്ട് കാര്യമായ രാഷ്ട്രീയ ചലനമൊന്നും സൃഷ്ടിക്കാന്‍ പാര്‍ട്ടിക്കായിട്ടില്ല. കൊച്ചിയിലും തിരുവനന്തപുരത്തും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയതു മാത്രമാണ് എടുത്തു പറയാനാവാത്ത നേട്ടം. എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടേയില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സഭാ നേതൃത്വങ്ങള്‍ വ്യക്തമാക്കിയതോടെ രാഷ്ട്രീയമായി വലിയ നേട്ടം അവകാശപ്പെടാനാവാത്ത അവസ്ഥയിലാണ് ബിജെപി.

അതേസമയം അമിത് ഷായുടെ സന്ദര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട് എന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. അമിത് ഷാ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com