മഞ്ചേശ്വരത്തെ 259 വോട്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; കെ. സുരേന്ദ്രന്റെ പരാതിയെത്തുടര്‍ന്ന്

അടുത്തമാസം എട്ട്, ഒമ്പത് തീയതികളില്‍ 259പേരും നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി
മഞ്ചേശ്വരത്തെ 259 വോട്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; കെ. സുരേന്ദ്രന്റെ പരാതിയെത്തുടര്‍ന്ന്

കൊച്ചി: മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ 259 വോട്ടര്‍മാര്‍ക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് 259 പേര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അടുത്തമാസം എട്ട്, ഒമ്പത് തീയതികളില്‍ 259പേരും നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി അറിയിച്ചു.
സ്ഥലത്തില്ലാതിരുന്ന ആളുകളുടെയും മരിച്ചുപോയവരുടെയും വോട്ടുകള്‍ കള്ളവോട്ടായി പോള്‍ ചെയ്യപ്പെട്ടു എന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഹര്‍ജി നേരത്തെതന്നെ ഹൈക്കോടതി പരിഗണിച്ചിരുന്നു. സ്ഥലത്തില്ലാതിരുന്ന 259 പേരുടെ വോട്ടാണ് കള്ളവോട്ടായി രേഖപ്പെടുത്തിയതെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് 259 പേര്‍ക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇവര്‍ വോട്ടു രേഖപ്പെടുത്തിയോയെന്ന് പരിശോധിക്കാന്‍ ജൂണ്‍ എട്ട്, ഒമ്പത് തീയതികളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഹാജരാകാന്‍ കഴിയുന്ന തരത്തില്‍ സമന്‍സ് അയക്കാനാണ് നിര്‍ദേശം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു തോറ്റത്. വ്യാപകമായി നടന്ന കള്ളവോട്ടുകള്‍ അസാധുവാക്കിയാല്‍ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പുഫലം തനിക്ക് അനുകൂലമാകുമെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. വിദേശങ്ങളിലുള്ളവരുടെ പേരില്‍ വോട്ടു ചെയ്തിട്ടുണ്ടോയെന്നറിയാന്‍ എമിഗ്രേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് സുരേന്ദ്രനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാവുന്നതാണ് എന്ന നിലപാടിലാണ് കോടതി.
മഞ്ചേശ്വരം മണ്ഡലത്തിലെ 24 ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരുടെയും 43 പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും തെളിവെടുപ്പ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ച് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് 259 വോട്ടര്‍മാര്‍ക്ക് നോട്ടീസയയ്ക്കാനുള്ള തീരുമാനം. ആവശ്യമെങ്കില്‍ ആരോപണ വിധേയമായ ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാനായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എറണാകുളം  കളക്ടറേറ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com