മുഖ്യമന്ത്രിയുടെ യാത്രയില്‍ ഇ ശ്രീധരനെയും ക്ഷണിച്ചില്ല, കെഎംആര്‍എലിന്റെ നടപടിയില്‍ പിണറായിക്ക് അതൃപ്തി

മുഖ്യമന്ത്രിയുടെ യാത്രയില്‍ ഇ ശ്രീധരനെയും ക്ഷണിച്ചില്ല, കെഎംആര്‍എലിന്റെ നടപടിയില്‍ പിണറായിക്ക് അതൃപ്തി

സ്ഥലം എംഎല്‍എയെ ക്ഷണിക്കാത്തതിന്റെ പേരില്‍ വിവാദത്തിലായ മുഖ്യമന്ത്രിയുടെ ആദ്യ മെട്രൊ യാത്രയില്‍ മെട്രൊ മാന്‍ ഇ ശ്രീധരനെയും ക്ഷണിച്ചിരുന്നില്ലെന്ന് സൂചന

കൊച്ചി: സ്ഥലം എംഎല്‍എയെ ക്ഷണിക്കാത്തതിന്റെ പേരില്‍ വിവാദത്തിലായ മുഖ്യമന്ത്രിയുടെ ആദ്യ മെട്രൊ യാത്രയില്‍ മെട്രൊ മാന്‍ ഇ ശ്രീധരനെയും ക്ഷണിച്ചിരുന്നില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെഎംആര്‍എല്‍ അധികൃതരെ അതൃപ്തി അറിയിച്ചതായാണ് അറിയുന്നത്.

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആദ്യ മെട്രൊ യാത്രയാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തതിന്റെ പേരില്‍ വിവാദമായത്. അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചുതന്നെ ഇക്കാര്യത്തില്‍ പരാതി അറിയിച്ചിരുന്നു. സ്ഥലം എംഎല്‍എയെ ക്ഷണിക്കണമെന്ന പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാണ് അന്‍വര്‍ സാദത്ത് ചൂണ്ടിക്കാട്ടിയത്. പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രൊയില്‍ സഞ്ചരിച്ച മുഖ്യമന്ത്രി ആലുവയില്‍ മെട്രൊ സോളാര്‍ പ്ലാന്റിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ എംഎല്‍എയെ ക്ഷണിച്ചില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

മുഖ്യമന്ത്രി പാലാരിവട്ടത്തു നിന്ന് മെട്രൊ ട്രെയിനില്‍ കയറിയ ശേഷമാണ് ആലവു സ്റ്റേഷനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സ്വിച്ച് ഓണ്‍ കര്‍മം മാറ്റിവച്ചത്. മെട്രൊയെച്ചൊല്ലി തുടരെത്തുടരെ വിവാദങ്ങള്‍ ഉയരുന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എംഎല്‍എയെ ക്ഷണിച്ചില്ലെന്ന പരാതി കഴമ്പുള്ളത് ആയതിനാല്‍ പരിപാടിയുമായി മുന്നോട്ടുപോകേണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദേശിക്കുകയായിരുന്നു. യാത്രയ്ക്കു ശേഷം ഇതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും മുഖ്യന്ത്രി വിസമ്മതിച്ചു. എന്നാല്‍ ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരുന്നില്ലെന്ന വിചിത്ര വിശദീകരണമാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നല്‍കിയത്.

അന്‍വര്‍ സാദത്തിനെ മാത്രമല്ല മെട്രൊയുടെ മുഖ്യശില്‍പ്പി ഇ ശ്രീധരനെപ്പോലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്കു ക്ഷണിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഇ ശ്രീധരന്റെ അസാന്നിധ്യം ശ്രദ്ധിച്ചിരുന്നു. ശ്രീധരന്‍ ഇല്ലാത്തത് എന്തുകൊണ്ടെന്ന് അപ്പോള്‍ തന്നെ മുഖ്യമന്ത്രി കെഎംആര്‍എല്‍ അധികൃതരോട് ആരായുകയും ചെയ്തു. മറ്റു പരിപാടികളൊന്നുമില്ലാതെ അന്ന് ഇ ശ്രീധരന്‍ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ആദ്യയാത്രയ്ക്ക് എത്താന്‍ ശ്രീധരന് കെഎംആര്‍എല്ലില്‍നിന്ന് ക്ഷണം കിട്ടിയിരുന്നില്ലെന്നാണ് സൂചനകള്‍. 

കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയെക്കൊണ്ട് നടത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് നേരത്തെ വിവാദമായിരുന്നു. പ്രധാനമന്ത്രിക്കായി കാത്തിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി മെട്രൊ ഉദ്ഘാടനം ചെയ്യുമെന്നുമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനമാണ് വലിയ വിവാദത്തിനു തിരികൊളുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ടാണ് ഈ വിവാദം ശമിപ്പിച്ചത്. മെട്രൊയുമായി ബന്ധപ്പെട്ട പരിപാടികളില്‍ കൂടുതല്‍ ജാഗ്രത കാണിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കെഎംആര്‍എലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com