ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കല്‍: രാജമാണിക്യം റിപ്പോര്‍ട്ട് നിയമ വകുപ്പ് വെട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2017 12:26 PM |
Last Updated: 06th June 2017 12:26 PM | A+A A- |

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റേത് ഉള്‍പ്പെടെ വന്‍കിട തോട്ടങ്ങളുടെ അനധികൃത ഭൂമി തിരിച്ചെടുക്കണമെന്ന, സ്‌പെഷല്‍ ഓഫിസര്‍ എജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തള്ളി. രാജമാണിക്യത്തിന്റെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് നിയമസെക്രട്ടറി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ റവന്യു, നിയമ വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.
വന്‍കിട തോട്ടങ്ങള്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് കൈയേറ്റമായി കാണാനാവില്ലെന്നാണ് നിയമസെക്രട്ടറി അഭിപ്രായപ്പെടുന്നത്. കോടതികള്‍ക്കു മാത്രമാണ് ഇത്തരം ഭൂ്മി ഒഴിപ്പിക്കാനാവുക. ഭൂമി തിരിച്ചെടുക്കുന്നതിന് പ്രത്യേക നിയമ നിര്‍മാണം സാധ്യമല്ലെന്നും നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌പെഷല്‍ ഓഫിസറായി നിയോഗിക്കപ്പെട്ട രാജമാണിക്യം ഹാരിസണ്‍ മലയാളം കമ്പനിക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മലയാളം പ്ലാന്റേഷന്‍സ് ഹോള്‍ഡിങ് ലിമിറ്റഡും ആംബിള്‍ഡൗണ്‍ ലിമിറ്റഡുമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ പാരന്റ് കമ്പനികളെന്ന് രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരു കമ്പനികളും ബ്രിട്ടനിലെ കമ്പനീസ് ഹൗസില്‍ നല്‍കിയ വാര്‍ഷിക റിട്ടേണിലെ വിവരങ്ങളില്‍നിന്നാണ് രാജമാണിക്യം ഈ നിഗമനത്തില്‍ എത്തിയത്. വിദേശ കമ്പനി ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കുന്നത് ആര്‍ബിഐ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സിബിഐയുടെയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയോ അന്വേഷണം വേണമെന്ന് രാജമാണിക്യം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ നടപടിയെടുക്കാതിരുന്ന റവന്യു വകുപ്പ് ഭൂമി തിരിച്ചെടുക്കണമെന്ന ശുപാര്‍ശയില്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടുകയായിരുന്നു.
ഹാരിസണിന്റെ കൈവശമുള്ളതും കമ്പനി കൈമാറിയതുമായ എഴുപത്തി അയ്യായിരത്തോളം ഏക്കറില്‍ മുപ്പതിനായിരം ഏക്കര്‍ തിരിച്ചുപിടിച്ചുകൊണ്ട് സ്‌പെഷല്‍ ഓഫിസര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടി നിയമക്കുരുക്കുകളില്‍ പെട്ടത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തുടര്‍ നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. നിയമനിര്‍മാണത്തിലൂടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയത്. എന്നാല്‍ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടോടെ ഈ സാധ്യതയും അടഞ്ഞിരിക്കുകയാണ്.