കേന്ദ്ര സര്‍വകലാശാലയ്ക്ക് ഗുരുവിന്റെ പേരിടില്ല, ബിഡിജെഎസിന്റെ ആവശ്യങ്ങളോടു മുഖം തിരിച്ച് ബിജെപി

ബിഡിജെഎസിനു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ലംഘിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു വെള്ളാപ്പള്ളി
കേന്ദ്ര സര്‍വകലാശാലയ്ക്ക് ഗുരുവിന്റെ പേരിടില്ല, ബിഡിജെഎസിന്റെ ആവശ്യങ്ങളോടു മുഖം തിരിച്ച് ബിജെപി

തിരുവനന്തപുരം: കാസര്‍ക്കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതോടെ ബിഡിജെഎസിന് ബിജെപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നൂകൂടി ജലരേഖയായി. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ നല്‍കാമെന്ന വാഗ്ദാനം പാലിക്കാതെ നീട്ടിക്കൊണ്ടുപോവുന്നതിന് ഇടയിലാണ്, പാര്‍ട്ടിയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായ കേന്ദ്ര സര്‍വകലാശാലാ നാമകരണം കേന്ദ്രം നിര്‍ദാക്ഷിണ്യം തള്ളിയത്. ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ ബിഡിജെഎസ് നേതാക്കള്‍ വിസമ്മതിക്കുകയാണ്.

ലോക്‌സഭയില്‍ ഈ വിഷയം ഉയര്‍ത്തിയ കൊടിക്കുന്നില്‍ സുരേഷിന് അയച്ച കത്തിലാണ് ഗുരുവിന്റെ പേരു നല്‍കാനാവില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലകള്‍ക്ക് അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെയോ സ്ഥലത്തിന്റെയോ പേരു നല്‍കണം എന്നാണ് കേന്ദ്ര നയമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്തിയാല്‍ സമാനമായ ആവശ്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഉയരും. അതുകൊണ്ട് ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ജാവഡേക്കര്‍ കത്തില്‍ പറയുന്നത്.

അതേസമയം നിലവിലെ 46 കേന്ദ്ര സര്‍വകലാശാലകളില്‍ 12 എണ്ണത്തിന് വിവിധ വ്യക്തികളുടെ പേരാണ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വേണമെങ്കില്‍ ഇളവു നല്‍കാവുന്ന നയമാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റേതെന്നും ഇവര്‍ പറയുന്നു. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ഗുരുവിന്റെ പേരിടണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇതേ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബിഡിജെഎസിനു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ലംഘിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

ബിജെപി ബിഡിജെഎസിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതില്‍ മലപ്പുറം തെരഞ്ഞെടുപ്പു വേളയില്‍ വെള്ളാപ്പള്ളി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ എത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഷാ ഉറപ്പു നല്‍കിയതായാണ് അന്ന് തുഷാര്‍ മാധ്യമങ്ങളോടു പറഞ്ഞത്. അമിഷ് ഷാ ഇക്കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയപ്പോള്‍ തുഷാറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ എത്താനും കുടുതല്‍ ചര്‍ച്ചകള്‍ അപ്പോള്‍ നടത്താമെന്ന വാഗ്ദാനമാണ് ഈ കൂടിക്കാഴ്ചയില്‍ അമിത് ഷാ മുന്നോട്ടുവച്ചത്.

ബിഡിജെഎസിന് കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് അധ്യക്ഷ സ്ഥാനവും ഏതാനും കോര്‍പ്പറേഷനുകളില്‍ അംഗത്വവും നല്‍കാന്‍ ധാരണയായതായി നേരത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ സൂചന നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പദവികള്‍ ഒന്നും കിട്ടാത്തതില്‍ നേതൃതലത്തില്‍ തന്നെ അതൃപ്തി രൂക്ഷമാണ്. കാസര്‍കോട്ടെ സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കുന്നതിന് തീരുമാനമെടുത്താല്‍ അണികളെയെങ്കിലും തൃപ്തിപ്പെടുത്താമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ബിഡിജെഎസ് നേതാക്കള്‍. കേന്ദ്ര തീരുമാനം വന്നതോടെ അതും അസ്തമിച്ചു. അമിത് ഷായുമായി ഡല്‍ഹിയില്‍ തുഷാര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉള്‍പ്പെടെ ഉന്നയിക്കുമെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com