കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; വിശദമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2017 02:13 PM |
Last Updated: 07th June 2017 03:48 PM | A+A A- |

കൊച്ചി: കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്‌റ്റേ അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദം മുഖവിലയ്‌ക്കെടുക്കുന്നു എന്ന് പറഞ്ഞ കോടതി ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 26ലേക്ക് മാറ്റി.
കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കോഴിക്കോട് നിന്നുമുള്ള ഇറച്ചി വ്യാപാരികളും, ഹൈബി ഈഡന്‍ എംഎല്‍എയുമാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
സംസ്ഥാനത്തെ 90 ശതമാനം ഇറച്ചിവ്യാപാരികളും കന്നുകാലികളെ കാലി ചന്തകളില്‍ നിന്നും വാങ്ങുന്നതാണ്. അതിനാല്‍ കന്നുകാലി കച്ചവടത്തിന് നിരോദനം ഏര്‍പ്പെടുത്തിയ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന് കോടതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കന്നുകാലി വില്‍പ്പന, അറവ് എന്നിവ സംസ്ഥാനത്തിന്റെ കൂടി അധികാരപരിതിയില്‍ വരുന്ന കാര്യമാണെന്നും, കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.