കന്നുകാലി കച്ചവട നിയന്ത്രണം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
By സമകാലിക മലയാളം ഡസ്‌ക് | Published: 08th June 2017 07:30 AM |
Last Updated: 08th June 2017 05:13 PM | A+A A- |

തിരുവനന്തപുരം: കന്നുകാലി കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമസഭ പ്രമേയം പാസാക്കും.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സ് വേണമോയെന്ന കാര്യം സഭാ സമ്മേളനത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് എതിരായ പ്രമേയത്തിന്‍മേല്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തും.
കച്ചവടത്തിനായുള്ള കന്നുകാലി കശാപ്പ് നിരോധനത്തിന് സ്‌റ്റേ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് പരിഗണിക്കുന്നത് കോടതി ആഗസ്റ്റ് 26ലേക്ക് മാറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയേയും, സുപ്രീംകോടതിയേയും സമീപിക്കാനായിരുന്നു സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.