കാസര്‍ഗോഡ് കേന്ദ്രമന്ത്രിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം -  യെച്ചൂരിക്ക് നേരെ ഡല്‍ഹിയില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി  കാട്ടിയത്
കാസര്‍ഗോഡ് കേന്ദ്രമന്ത്രിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

പെരിയ: കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. പെരിയയിലുള്ള സെന്റര്‍ യൂണിവേഴ്‌സിറ്റിയില ബിരുദദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു പ്രതിഷേധം നടന്നത്. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഡല്‍ഹിയില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി  കാട്ടിയത്.

ജാവേദ്ക്കറിന്റെ പരിപാടിയ്ക്ക് നേരെ പ്രതിഷേധം ഉയരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായതിനെ തുടര്‍ന്ന് വന്‍പൊലീസ് സംവിധാനം ഉറപ്പാക്കിയിരുന്നു. പുറത്ത് നിന്നെത്തിയവരാണ് പ്രതിഷേധം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധക്കാരെ പൊലീസ് നീക്കിയ ശേഷം മന്ത്രിയുടെ പരിപാടി ആരംഭിച്ചു.

ജില്ലയില്‍ ഇന്ന് മൂന്ന് പരിപാടികളാണ് മന്ത്രിക്കുള്ളത്. ഉച്ചയ്ക്ക് ശേഷമാണ് മറ്റ് രണ്ട് പരിപാടികള്‍. കാസര്‍ഗോട്ടെ ചില കോളനികളും കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ മോദിസര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയിലും ജാവേദ്കര്‍ പങ്കെടുക്കും. മന്ത്രിയുടെ പരിപാടിക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് സിപിഎം പറയുമ്പോഴും പ്രതിഷേധം ഉയരുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. യെച്ചൂരുക്കെതിരായ ആക്രമണത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ആക്രമണം നടന്നിട്ട് പതിനാല് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കേന്ദ്രമനന്ത്രിമാരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ലാത്തതും പ്രതിഷേധം ശക്തമാകാന്‍ കാരണമായിട്ടുണ്ട്. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ സിപിഎം എംപി പങ്കെടുത്തതും പാര്‍ട്ടി അണികളില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com