താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി
Published: 09th June 2017 06:11 PM |
Last Updated: 09th June 2017 06:27 PM | A+A A- |

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന കെഎസ്ആര്‍ടിസി താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാവേലിക്കര, കോഴിക്കോട്, ആലുവ, എടപ്പാള്‍ ഡിപ്പോകളിലെ ജീവനക്കാരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിട്ടത്. ശനിയാഴ്ച മുതല്‍ ജോലിക്ക് വരേണ്ടെന്നാണ് ഉത്തരവ്. പിരിച്ചുവിട്ട ജീവനക്കാരില്‍ ഭൂരിഭാഗം പേരും പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരാണ്.
മാവേലിക്കരയില്‍ 65 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് നടപടി.
വര്‍ക്ക് ഷോപ്പിലെ വാഹനത്തിന്റെ ബോഡി നിര്‍മ്മാണം അവസാനിച്ചതിനാല്‍ പുതിയ നിര്‍മ്മാണമില്ലെന്നു പറഞ്ഞാണ് പിരിച്ചു വിടല്‍. പുനര്‍ വിന്യാസത്തിനും സര്‍ക്കാരോ വകുപ്പോ തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
കോഴിക്കോട് 35 പേരേയും എടപ്പാളില്‍ 55 ജീവനക്കാരേയും ആലുവയില്‍ 55 പേരെയുമാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ മനുഷ്യത്വ വിരുദ്ധമാണെന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം, പിരിച്ചു വിടലിനെ അംഗീകരിക്കില്ലെന്ന് കെഎസ്ആര്‍ടിഇഎ അറിയിച്ചു. നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.
കൂട്ടപിരിച്ചുവിടലിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല