സിപിഎം പ്രവര്‍ത്തകര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറുടെ ക്യാമറ അടിച്ചുതകര്‍ത്തു; മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചു
By സമകാലിക മലയാളം ഡസ്‌ക് | Published: 09th June 2017 03:38 PM |
Last Updated: 09th June 2017 05:02 PM | A+A A- |

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ സനേഷ് സകയുടെ ക്യാമറ അടിച്ചുതകര്‍ത്തു. ഹര്‍ത്താലിനിടെ എത്തിയ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തുന്ന ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ സനേഷിന്റെ ക്യാമറ അടിച്ചുതകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
ക്യാമറ നശിപ്പിക്കപ്പെട്ടപ്പോള്‍
ഇന്നലെ രാത്രിയില്‍ സിപിഎം ഓഫീസിനുനേരെ ബോംബേറുണ്ടായിരുന്നു. ഇന്നു രാവിലെ സിപിഎം ഓഫീസിന്റെ അടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുകയായിരുന്നു സനേഷടക്കമുള്ള ഫോട്ടോഗ്രാഫര്‍മാര്‍. സിപിഎം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും വാഹനങ്ങളെ തടയില്ലെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് അവഗണിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ ഓട്ടോറിക്ഷ തടയുന്നതുകണ്ടപ്പോള്‍ ഫോട്ടോയെടുക്കാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ സനേഷിന്റെ ക്യാമറ അടിച്ചു തകര്‍ത്തത്. മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത്തിന്റെ കൈയ്യില്‍നിന്നും ക്യാമറ തട്ടിയെടുക്കാനുള്ള ശ്രമമുണ്ടായി. കേരളഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷിനെ മര്‍ദ്ദിച്ച് ക്യാമറയില്‍നിന്നും മെമ്മറി കാര്‍ഡ് എടുത്തുകൊണ്ടുപോവുകയും ചെയ്തു.
ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിയ്ക്കുനേരെ ഹിന്ദുസേനയുടെ കൈയ്യേറ്റം നടത്താന്‍ ശ്രമിച്ചതിനു പിന്നാലെയാണ് കേരളത്തിലും ആര്‍എസ്എസും സിപിഎമ്മും പരസ്പരം അക്രമം അഴിച്ചുവിട്ടത്. വടകരയില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ നടന്നതിനെത്തുടര്‍ന്ന് അഞ്ച് നിയോജകമണ്ഡലങ്ങളില്‍ ആര്‍എസ്എസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിനുനേരെ ബോംബേറുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ഹര്‍ത്താല്‍ ആചരിക്കുകയായിരുന്നു.
ബോംബേറില്‍ തകര്‍ന്ന സിപിഎം ഓഫീസ്. ഫോട്ടോ: സനേഷ്