നദീജലം പങ്കുവെയ്ക്കല്‍: മറ്റുസംസ്ഥാനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th June 2017 07:07 PM |
Last Updated: 12th June 2017 11:24 PM | A+A A- |

തിരുവനന്തപുരം: നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുമായി സംഘര്‍ഷങ്ങളിലേക്കു പോകാതെ മാന്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുതീരുമാനത്തിലെത്തുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ജലസുഭിക്ഷ സംസ്ഥാനമല്ല. സംസ്ഥാനത്തിനര്‍ഹമായ ജലം ലഭ്യമാക്കുന്നതിന് ഗൗരവപൂര്‍ണമായ ഇടപെടലുകളുണ്ടാവും. സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കല്‍ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
അന്തര്‍സംസ്ഥാന നദീജല കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന താല്പര്യം എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുമെന്നുറപ്പുള്ള ഏറ്റവും പ്രഗത്ഭരായ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്. അവരെ സഹായിക്കാന്‍ പരിചയസമ്പന്നരായ അഭിഭാഷകരെ സംസ്ഥാനത്തും നിയോഗിക്കും. ഇതു കൂടാതെ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥര്‍ തമ്മിലും നടത്തേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായി നടക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി