മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ എന്തു സംഭവിക്കും? സുരേന്ദ്രന്‍ നിയമസഭയിലേക്കോ?

സംഘപരിവാര്‍ പറയുന്നതുപോലെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുമോ? സാധ്യത തള്ളിക്കളയാന്‍ കഴിയില്ല 
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ എന്തു സംഭവിക്കും? സുരേന്ദ്രന്‍ നിയമസഭയിലേക്കോ?

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരം. ലീഗ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖും ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലം. റസാഖ് ജയിച്ചത് വെറും 89 വോട്ടുകള്‍ക്കായിരുന്നു. അന്നുതന്നെ വോട്ടെടുപ്പില്‍ തിരിമറി നടന്നു എന്ന ആരോപണവുമായി  ബിജെപി രംഗത്തെത്തി. കള്ള വോട്ട് നടന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നിവെന്നാരോപിച്ച് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടിയുടെ പരിഗണനയിലാണ്. 

തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കുമെന്നും ബിജെപി,സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതിനോടകംതന്നെ സജീവ പ്രചരണം നടത്തിക്കഴിഞ്ഞു. സംഘപരിവാര്‍ പറയുന്നതുപോലെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുമോ? സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. 

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് ജയിച്ചത് എന്നത് സംഘപരിവാര്‍ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ നടത്തുക എന്നതും ജയിച്ചയാളിന്റെ വിജയം അസാധുവാക്കി രണ്ടാം സ്ഥാനത്തുള്ളയാളെ വിജയിയായി പ്രഖ്യാപിക്കുന്നതുമാണ് തെരഞ്ഞെടുപ്പ് തിരിമറി ആരോപിക്കപ്പെടുന്ന കേസുകളില്‍ കോടതിക്ക് മുന്നിലുള്ള രണ്ട് വഴികള്‍. മഞ്ചേശ്വരം കേസില്‍ സംഭവിക്കാന്‍ പോകുന്നത് രണ്ടാമത് പറഞ്ഞതായിരിക്കും. കൃത്യമായ രേഖകള്‍ കോടതിക്ക് മുന്നിലെത്തുകയും കുറഞ്ഞ ഭൂരിപക്ഷം എന്നതുംകൂടി ചേരുമ്പോള്‍ കോടതി സുരേന്ദ്രനെത്തന്നെ വിജയിയായി പ്രഖ്യാപിച്ചേക്കാമെന്നാണ് നിയമവിദഗ്ധനായ സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്. 

2004ലും സമാനമായ കേസ് ഉണ്ടായിട്ടുണ്ട്. അന്ന് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിസി തോമസ് സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ.പിഎം ഇസ്മായിലിനെ 529 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ വോട്ടില്‍ തിരിമറി ആരോപിച്ച് സിപിഎം കേസ് കൊടുത്തു. അവസാനം കോടതി വിധി വന്നപ്പോള്‍ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ഇസ്മായില്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ലോക്‌സഭയുടെ കാലാവധി കഴിഞ്ഞിരുന്നു.അന്നും കോടതി പ്രധാനമായി പരിഗണിച്ചത് ഭൂരിപക്ഷത്തിന്റെ കുറവായിരുന്നു. ഇപ്പോഴും അതേ അവസ്ഥ തന്നെയാണ് വന്നിരിക്കുന്നത്. സുരേന്ദ്രന് കൂടുതല്‍ പരിഗണന ലഭിക്കും, കാരണം 89 വോട്ടിന്റെ മാത്രം വ്യത്യാസമാണ് വന്നിരിക്കുന്നത്. അതുകൊണ്ട് സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. സെബാസ്റ്റ്യന്‍ പോള്‍ സമകാലിക മലയാളത്തോട് പ്രതികരിച്ചു. 

എന്നാല്‍ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാതെ അടുത്ത തെരഞ്ഞെടുപ്പ് നടത്തുക എന്ന വഴിയും കോടതിക്ക് മുന്നിലുണ്ടെന്ന്‌ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാട്ടി സെബസ്റ്റ്യാന്‍ പോള്‍ പറയുന്നു. പക്ഷേ അന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജ് നാരായണനെ വിജയിയായി പ്രഖ്യാപിക്കാതിരുന്നത് ഇന്ദിരയ്ക്ക് വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ടാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു. 

വോട്ടിങ് യന്ത്രത്തില്‍ ആര് ആര്‍ക്ക് വോട്ടു ചെയ്തു എന്ന് പരിശോധിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്.തെരഞ്ഞെടുപ്പില്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പാര്‍ട്ടിയല്ല ലീഗ് എന്നും കോടതി അന്തിമ തീരുമാനമെടുക്കട്ടെയെന്നുമാണ് വാര്‍ത്തയോട് മുസ്‌ലിം ലീഗിന്റെ പ്രതികരണം. 

കേസില്‍ ഇതുവരെ നടന്ന വാദങ്ങളില്‍ സുരേന്ദ്രന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ലീഗിന്റെ വാദം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 20പേരുടെ യാത്രാ രേഖകള്‍ ഹാജരാക്കിയതോടെ ലീഗ് പ്രതിരോധത്തിലായി. എന്നാല്‍ സുരേന്ദ്രന്‍ പറഞ്ഞതുപോലെ 200ഓളംപേര്‍ കള്ള വോട്ട് ചെയ്തിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയില്‍ നിന്ന് മാത്രമേ തെളിയിക്കാന്‍ കഴിയുള്ളു. 

സുരേന്ദ്രന്റെ വാദങ്ങളെ ശക്തമായി തള്ളിക്കളയുന്ന
അഭിഭാഷകന്‍ ഷുക്കൂര്‍ പറയുന്നത് ഇങ്ങനെയാണ്:
കേസില്‍ ഇതു വരെ നടന്ന വിചാരണയില്‍ സുരേന്ദ്രന്റെ വാദങ്ങളെ ബലപ്പെടുത്താവുന്ന ഒരു തെളിവും  കോടതി മുമ്പാകെ ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. സുരേന്ദ്രന്‍ ഉന്നയിച്ച പ്രധാന ആരോപണം ചിലര്‍ കള്ള വോട്ടു ചെയ്തു എന്നതാണ്. സുരേന്ദ്രന്‍ കള്ള വോട്ട് ആരോപിച്ചവര്‍ , സുരേന്ദ്രന്‍ തന്നെ ബത്ത അടച്ചു സാക്ഷികളെ ഹാജരാക്കിയവര്‍ , കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പു നടന്ന ദിവസം അവര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും വോട്ടു രേഖപ്പെടുത്തിട്ടുണ്ടെന്നും പാസ്‌പോര്‍ട്ട് സഹിതം  കോടതിയെ ബോധ്യപ്പെടുത്തുകയുണ്ടായി, ഇതോടെ കള്ളവോട്ടിന്റെ മുന ഒടിയുകയായിരുന്നു.ഇനിയും സാക്ഷികളെ വിസ്തരിക്കാനുണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് അടിസ്ഥാനമില്ലാത്തതാണ്. കള്ളവോട്ടു ചെയ്തുവെന്നത് സാങ്കല്‍പികവും.

ഇലക്ഷന്‍ പെറ്റീഷനില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കാണ് തെളിയിക്കാനുള്ള ബാധ്യത.അങ്ങിനെ വോട്ടു ലഭിക്കാതെ നിയമ സഭയ്ക്ക് അകത്തേക്കു കടക്കാമെന്ന സുരേന്ദ്രന്റെ മോഹം വ്യാമോഹം മാത്രമാകും. അയാള്‍ പുറത്തു നില്‍ക്കാനാണ് ജനവിധി ( മറിച്ചൊരു വിധി ഉണ്ടാകാനുള്ള വിദൂര സാധ്യത പോലും ഇല്ലെന്നാണ് വസ്തുത )വരുന്ന നാലു വര്‍ഷവും പിബി അബദുള്‍ റസാഖ് തന്നെയാവും മഞ്ചേശ്വരം എംഎല്‍എ.

സുരേന്ദ്രന്റെ നിയമപോരാട്ടം വിജയം കണ്ടാല്‍ ലീഗിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട ആലോചനയിലാണ് ലീഗ് കേന്ദ്രങ്ങള്‍. ഇടതുമായി ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് ലീഗ് ശ്രമിക്കുന്നുവെന്നും അബ്ദുള്‍ റസാഖിനെ രാജി വെയ്പ്പിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com