ഉത്തരവ് അനുസരിച്ചില്ല; ഡിജിപി സെന്‍കുമാറിന് സര്‍ക്കാര്‍ താക്കീത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th June 2017 08:09 PM |
Last Updated: 14th June 2017 06:01 PM | A+A A- |

തിരുവനന്തപുരം: പഴ്‌സണല്‍ സ്റ്റാഫിനെ മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതിരുന്ന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ എഎസ്‌ഐ അനില്‍കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവാണ് സെന്‍കുമാര്‍ പാലിക്കാതിരുന്നത്. അനില്‍ കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മെയ് 30നായിരുന്നു പുറത്തിറക്കിയത്. അനില്‍ കുമാറിനെ ഇന്ന് തന്നെ മടക്കി അയക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് പാലിക്കുന്നതിന് പകരം അനില്‍ കുമാറിനെ കൂടെ നിര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. സെന്‍കുമാറിന്റെ ആവശ്യം തള്ളിയ സര്‍ക്കാര്‍, പുതിയ ഉത്തരവില്‍ സ്വരം കടുപ്പിച്ചിട്ടുണ്ട്.ഒരാഴ്ചയ്ക്കകം സെന്‍കുമാര്‍ നിലപാടറിയിക്കണമെന്നാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രത്യേക ഉത്തരവില്ലാതെ അനില്‍ കുമാര്‍ ഡെപ്യൂട്ടേഷനില്‍ തുടരുകയാണെന്നായിരുന്നു അനില്‍കുമാരിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കുറ്റം. റെക്കാലമായി സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണ് എഎസ്‌ഐ അനില്‍ കുമാര്‍. സെന്‍കുമാര്‍ ഐഎംജി ഡയറക്ടറായി പോയപ്പോഴും അനില്‍ കുമാര്‍ ഒപ്പമുണ്ടായിരുന്നു.