24 മുതല്‍ പെട്രോള്‍ പമ്പ് സമരം, 16ന് സൂചനാ പണിമുടക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th June 2017 10:42 AM |
Last Updated: 13th June 2017 01:20 PM | A+A A- |

കൊച്ചി: പെട്രോള്‍, ഡീസല്‍ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിന്‍വലിക്കുക, വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം 24 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം നിലവില്‍ വരുന്ന 16ന് ഉല്‍പന്നങ്ങള്‍ വാങ്ങാതെയും വില്‍ക്കാതെയും പമ്പുകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുമെന്നും ഭാരവാഹികളായ എം.എം. ബഷീര്‍, ആര്‍. ശബരീനാഥ് എന്നിവര്‍ അറിയിച്ചു.
എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തിക നഷ്ടം വരുത്തും. കൂടാതെ, പ്രതിദിനം പുതുക്കിയ വില ലഭിക്കാന്‍ പുലരുവോളം കാത്തിരിക്കേണ്ടിയും വരും. വിലയിലെ വ്യക്തത ഉറപ്പില്ലാത്തതിനാല്‍ ഉപഭോക്താക്കളുമായി തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ഇത് പമ്പുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പുതിയ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് സഹായകരമാകുമെന്നും വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.