അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ വിം വെന്‍ഡേഴ്‌സിന്റെ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ നവ ജര്‍മന്‍ സിനിമാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വിം വെന്‍ഡേഴ്‌സിന്റെ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ വിം വെന്‍ഡേഴ്‌സിന്റെ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ നവ ജര്‍മന്‍ സിനിമാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വിം വെന്‍ഡേഴ്‌സിന്റെ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രാചാര്യന്മാരെ ആദരിക്കുന്ന മായ്‌സ്‌ട്രോ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. 

എഴുപതുകളിലെ ജര്‍മന്‍ സിനിമയുടെ ഭാഷയും വ്യാകരണവും പൊളിച്ചെഴുതി യുദ്ധാനന്തര യൂറോപ്യന്‍ ചലച്ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയെടുത്ത വിം വെന്‍ഡേഴ്‌സ് നാലു ദശകങ്ങള്‍ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ചെറുതും വലുതുമായ അമ്പതോളം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഓസ്‌കര്‍ അവാര്‍ഡും പാം ദി ഓറും ഗോള്‍ഡണ്‍ ലയണും ഉള്‍പ്പെടെ ഈ ചലച്ചിത്രപ്രതിഭയെ തേടിയത്തെിയ പുരസ്‌കാരങ്ങള്‍ നിരവധിയാണ്. സംസ്്കാരങ്ങളുടെ കൂടിച്ചേരല്‍, മനുഷ്യന്റെ സഞ്ചാര തൃഷ്ണകള്‍, അതിര്‍ത്തി കടന്നുള്ള പലായനങ്ങള്‍ തുടങ്ങിയവയാണ് വിം വെന്‍ഡേഴ്‌സിന്റെ പ്രധാന പ്രമേയങ്ങള്‍. കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ ലഭിച്ച 'പാരീസ്, ടെക്‌സാസ്'(1984), മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'വിംഗ്‌സ് ഓഫ് ഡിസയര്‍'(1987) എന്നിവയാണ് പ്രധാന ഫീച്ചര്‍ സിനിമകള്‍. ക്യൂബന്‍ സംഗീതവും സംസ്‌കാരവും ദൃശ്യങ്ങളില്‍ പകര്‍ത്തുന്ന ബ്യുണ വിസ്റ്റ സോഷ്യല്‍ ക്‌ളബ് (1999) മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടിയിരുന്നു. 

എ ട്രിക്ക് ഓഫ് ലൈറ്റ്, നോട്ട്ബുക് ഓണ്‍ സിറ്റീസ് ആന്റ് ക്‌ളോത്ത്‌സ്, പിനാ, റൂം 666, ടോക്യോ ഗാ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍. 'പിന' എന്ന ത്രീഡി ഡോക്യുമെന്ററി ജര്‍മന്‍ നര്‍ത്തകിയും നൃത്തസംവിധായികയുമായ പിന ബൗഷിന്റെ ജീവിതം പകര്‍ത്തുന്നു. കാഴ്ചകളെ വേറിട്ടു നിര്‍ത്തുന്ന ഭൂതക്കണ്ണാടിപോലെയാണ് ത്രിഡി ഫോര്‍മാറ്റ് എന്ന് വിം വെന്‍ഡേഴ്‌സ് പറയുന്നു. എഴുപതുകളില്‍ ചലച്ചിത്രജീവിതം തുടങ്ങിയ അദ്ദേഹം ഏറ്റവും പുതിയ സാങ്കേതികതയുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ജാപനീസ് ചലച്ചിത്രാചാര്യന്‍ ഓസുവിനെക്കുറിച്ചുള്ള ടോക്യോ ഗാ, ആധുനിക ജീവിതത്തിലെ നഗരം, വേഷം,സ്വത്വം എന്നിവയെക്കുറിച്ചുള്ള നോട്ട്ബുക് ഓണ്‍ സിറ്റീസ് ആന്റ് ക്‌ളോത്ത്‌സ്, സിനിമയുടെ ഭാവി എന്തെന്ന ചോദ്യമുയര്‍ത്തുന്ന റൂം 666 എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ആകര്‍ഷണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com