കപ്പല്‍ വന്നത് ഇന്ധനം നിറയ്ക്കാന്‍, അപകടത്തിനു ശേഷവും യാത്ര തുടര്‍ന്നു 

ഇന്ധനം നിറയ്ക്കാനായി കപ്പല്‍ നിര്‍ത്തിയിട്ടത് മൂന്നു മണിക്കൂറോളമാണ്. അതുകൊണ്ടാണ് അപകടമുണ്ടാക്കിയ കപ്പലിനെ പെട്ടെന്നു കണ്ടെത്താനും കസ്റ്റഡിയില്‍ എടുക്കാനും കഴിഞ്ഞതെന്ന് പൊലീസ്
മറൈന്‍ മര്‍ക്കന്റൈല്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തുന്നു
മറൈന്‍ മര്‍ക്കന്റൈല്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തുന്നു

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഇടിച്ച പനാമ കപ്പല്‍ കൊച്ചി തീരത്തേക്കു വന്നത് ഇന്ധനം നിറയ്ക്കാന്‍. ബങ്കര്‍ ലക്ഷ്യമാക്കി നീങ്ങിയ കപ്പല്‍ അപകടത്തിനു ശേഷവും യാത്ര തുടര്‍ന്നതായി പൊലീസ് പറഞ്ഞു. ബങ്കറില്‍ ഇന്ധനം നിറയ്ക്കാനായി കപ്പല്‍ നിര്‍ത്തിയിട്ടത് മൂന്നു മണിക്കൂറോളമാണ്. അതുകൊണ്ടാണ് അപകടമുണ്ടാക്കിയ കപ്പലിനെ പെട്ടെന്നു കണ്ടെത്താനും കസ്റ്റഡിയില്‍ എടുക്കാനും കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു.

കൊച്ചി തീരത്തില്‍നിന്ന് എട്ടു നോട്ടിക്കല്‍ മൈല്‍ അകലയെുള്ള ബങ്കറിലേക്കാണ് കപ്പല്‍ എത്തിയത്. ഇസ്രായേലില്‍നിന്ന് ചൈനയിലേക്കു വളവുമായി പോവുകയായിരുന്ന ആംബര്‍ എല്‍ എന്ന കപ്പല്‍ ഇതിനായാണ് രാജ്യാന്തര കപ്പല്‍ ചാലില്‍നിന്നു മാറി ഉള്‍ഭാഗത്തേക്കു വന്നത്. ഇതിനിടെയായിരുന്നു മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ അപകടം. അപകടത്തിനു ശേഷവും കപ്പല്‍ ബങ്കറിലേക്കു യാത്ര തുടര്‍ന്നു. എട്ടേകാലിനു ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയ കപ്പല്‍ പതിനൊന്നര വരെ ഇതു ബങ്കറില്‍ തുടര്‍ന്നു. ഇതിനാലാണ് കപ്പല്‍ പെട്ടെന്നു കണ്ടെത്താനും കസ്റ്റഡിയില്‍ എടുക്കാനും കഴിഞ്ഞത്. അപകടത്തിനു ശേഷം ചൈനയിലേക്കുള്ള യാത്ര തുടര്‍ന്നിരുന്നെങ്കില്‍ ഇത് ഇളുപ്പമാവുമായിരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

തീരത്ത് അടുപ്പിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്ത കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൂറ്റന്‍ ചരക്കു കപ്പലായ ആംബര്‍ അടുപ്പിക്കുന്നതിന് വില്ലിങ്ടണ്‍ ഐലന്റിലെ ചാലിന് ആഴമില്ല. വല്ലാര്‍പാടം ടെര്‍മിനലില്‍ അടുപ്പിച്ചാല്‍ മറ്റു ചരക്കു കപ്പലുകളുടെ സമയക്രമം പാടേ താളം തെറ്റും. ഓയില്‍ ടെര്‍മിനലിലും എല്‍എന്‍ജി ടെര്‍മിനിലലും ഇത്തരം കപ്പലുകള്‍ അടുപ്പിക്കുന്നതിനുള്ള ആഴമുണ്ടെങ്കിലും അതീവ സുരക്ഷാ മേഖലയായതില്‍ സാങ്കേതിക തടമുണ്ട്. അതിനാല്‍ കപ്പല്‍ പുറംകടലില്‍ നിര്‍ത്തിയിട്ട്് പരിശോധകള്‍ തുടരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. പോര്‍ട്ട് ട്രസ്റ്റാണ് ഇതിനു സൗകര്യം ഒരുക്കുന്നത്. കപ്പലിന്റെ സ്ഥാനം ജിപിഎസ് വഴി ട്രാക്ക് ചെയ്തിട്ടുണ്ടെന്നും അനുമതി ലഭിക്കാതെ യാത്ര തുടരരുതെന്ന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കപ്പലിന്റെ വോയിസ് ഡാറ്റ റെക്കോഡര്‍, ലോഗ് ബുക്ക്, മൂവ്‌മെന്റ് രജിസ്റ്റര്‍ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്കുക വിധേയമാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാവും ക്യാപ്റ്റനെ അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയും അന്വേഷണ സംഘം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com