സ്‌കൂള്‍ ചടങ്ങില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടത്തല്ല്; അന്തം വിട്ട് മന്ത്രിയും കുട്ടികളും

ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി - സംഘര്‍ഷത്തിനിടെ മന്ത്രി ചടങ്ങ് പൂര്‍ത്തിയാക്കി വേദി വിട്ടു 
സ്‌കൂള്‍ ചടങ്ങില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടത്തല്ല്; അന്തം വിട്ട് മന്ത്രിയും കുട്ടികളും

തിരുവനന്തപുരം: ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഉദ്ഘാടകനായ മന്ത്രി നോക്കിനില്‍ക്കെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ജി കാര്‍ത്തികേയന്‍ ആര്യനാട് എംഎല്‍എ ആയിരിക്കെ നിര്‍മാണാനുമതി ലഭിച്ച ആര്യനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. 

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടകനായ ചടങ്ങില്‍ സ്വാഗതം പറയുന്നതിനായി കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശാമില ബീഗത്തൊണ് തീരുമാനിച്ചിരുന്നത്. വേദിയില്‍ ജില്ലാ പഞ്ചായത്തംഗത്തെ ഇരുത്തി പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം പറയുന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്വാഗതം പറയാനായി ശാമില ബീഗം വേദിയിലെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായെത്തി. സ്‌കൂള്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹന്‍ സ്വാഗതം പറയണമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം.

പ്രതിഷേധവുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വേദിയിലേക്കു കയറുകയും തുടര്‍ന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കയ്യേറ്റമുണ്ടാകുകയുമായിരുന്നു. തുടര്‍ന്നു സ്വാഗതപ്രസംഗം ഒഴിവാക്കി ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷവും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു സ്വാഗത പ്രസംഗത്തെ ചൊല്ലി കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ മന്ത്രി ചടങ്ങ് പൂര്‍ത്തിയാക്കി വേദി വിട്ടു.

സംഘര്‍ഷത്തില്‍ മൂന്നു സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ചതായി ആരോപിച്ചു ആര്യനാട് ലോക്കല്‍ കമ്മറ്റി പ്രദേശത്തു ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com