കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നില്ല; രമേശ് ചെന്നിത്തല
By സമകാലികമലയാളം ഡെസ്‌ക് | Published: 14th June 2017 05:00 PM |
Last Updated: 15th June 2017 07:22 PM | A+A A- |

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'കൊച്ചി മെട്രോ ഞങ്ങളുടെ കുട്ടിയാണ്, ഉദ്ഘാടനം ഒരുകാരണവശാലും ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫിന് കഴിയില്ല' ഇങ്ങനെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ കല്ലുകടി ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സ്ഥലം എംഎല്‍എയും എംപിയും അടക്കമുള്ളവരെ ഇത്തരം ചടങ്ങുകള്‍ക്ക് ക്ഷണിക്കുകയെന്നത് സ്വാഭാവിക നടപടിയാണ്. അത് ഉണ്ടാകാത്തതിന്റെ പേരില്‍ മെട്രോ ഉദ്ഘാടന ചടങ്ങ് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുകാര്യങ്ങള്‍ നാളെ ചേരുന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വേദിയില്‍ ഇരിക്കേണ്ടവരുടെ ലിസ്റ്റില്‍ നിന്ന് മെട്രോയുടെ അമരക്കാരനായ ഇ ശ്രീധരന്‍ ഉള്‍പ്പെടെയുളളവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം. എന്നാല്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഗതാഗത മന്ത്രി തോമസ് ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരുടെ പേരടങ്ങിയ ലിസ്റ്റായിരുന്നു കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ചിരുന്നത്.