സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷം;ഇന്നുമുതല്‍ ട്രോളിങ് നിരോധനവും
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 14th June 2017 07:30 AM |
Last Updated: 14th June 2017 04:56 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രോളിങ് നിരോധനം. മത്സ്യ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ട്രോളിങ് നിരോധനവും വന്നിരിക്കുന്നത്. തീരത്തുനിന്ന് 12നോട്ടിക്കല്‍ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരരക്ഷാ സേനയും നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ ഇതിനായി പ്രത്യേക യോഗം വിളിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്കു മുന്‍കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ അനുവദിക്കപ്പെട്ട നിലവിലുളള പട്ടികയിലുളളവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പുതിയ അപേക്ഷകര്‍ അതത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര ജാഗ്രത പാലിക്കണം.
ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ സംസ്ഥാനത്ത കടുത്ത മത്സ്യ ക്ഷാമം അനുഭവിച്ചു വരികയാണ്. ട്രോളിങ് നിരോധനകാലത്തും മുന്‍കാലങ്ങളില്‍ മീന്‍പിടിത്തം വ്യാപകമായതിനാലാണു മത്സ്യസമ്പത്തില്‍ കുറവുണ്ടായതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.ഭക്ഷ്യയോഗ്യമായ 58 ഇനം മീനുകളില്‍ 14 ഇനങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിലവില്‍ നിയന്ത്രണമുണ്ട്. എന്നിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ ബാക്കിയുള്ള ഇനങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ട്രോളിങ് നിരോധകാലത്ത്‌സര്‍ക്കാര്‍ അറിയിച്ചിരുന്നു. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും തീരം വിട്ടുപോകേണ്ടതും അല്ലാത്തവ അതതു തീരത്തുതന്നെ കെട്ടിയിടേണ്ടതുമാണെന്ന് കലക്ടര്‍ ഉത്തരവിട്ടു.തീരപ്രദേശത്തെ പെട്രോള്‍ ഡീസല്‍ ബങ്കുകള്‍ നിരോധന കാലയളവില്‍ അടച്ചിടണം. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് നിരോധന കാലയളവില്‍ ഡീസല്‍ നല്‍കാന്‍ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു.