സ്ത്രീധനം നല്‍കിയില്ല; ചെങ്ങന്നൂരില്‍ യുവതിക്കു നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 15th June 2017 01:10 PM |
Last Updated: 15th June 2017 05:25 PM | A+A A- |

ചെങ്ങന്നൂര്‍: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ചെങ്ങന്നൂരില്‍ യുവതിയുടെ നേര്‍ക്ക് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പുനലൂര്‍ സ്വദേശിനിയായ ധന്യ കൃഷ്ണനാണ് ഭര്‍തൃവീട്ടില്‍ ആക്രമണത്തിന് ഇരയായത്. ജൂണ്‍ ആറിന് നടന്ന സംഭവത്തിനു ശേഷം ചെങ്ങന്നൂര്‍ കാരയ്ക്കാട് പള്ളിപ്പടി മനുമംഗലത്തു ബിനുകുമാറും ഭര്‍തൃമാതാവും ഒളിവിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെങ്ങന്നൂരിലെ ബിജുകുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു ധന്യയുടെ നേര്‍ക്ക് ആസിഡ് ഒഴിച്ചത്. സ്ത്രീധനത്തിനു വേണ്ടി നിരന്തരം വഴക്കിടുന്ന ഭര്‍ത്താവ് മൃഗീയമായി മര്‍ദിച്ച ശേഷം ആസിഡൊഴിച്ച് പൊള്ളിക്കുകയായിരുന്നു. സ്ത്രീധനമായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബിജുകുമാര്‍ വെല്‍ഡിങ് വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. പത്തു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
പെട്രോളും വിനിഗിരിയും ഉപ്പും ചേര്‍ന്ന മിശ്രിതമാണ് ഭാര്യയുടെ ദേഹത്ത് ഒഴിച്ചതെന്ന് ബിജുകുമാര്‍ അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ പൊലീസീനെ അറിയിച്ചിട്ടുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ധന്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു ചെങ്ങന്നൂര്‍ പൊലീസിനു കൈമാറി.