കടകംപിള്ളി സിംഹാസനം മാറ്റിയിട്ട ശൃംഗേരി മഠാധിപതിക്ക് മുന്നില്‍ തൊഴുകൈകളുമായി മന്ത്രിമാര്‍

മുഖ്യമന്ത്രിക്ക് പ്രസാദമായി ഒരു ആപ്പിള്‍ തോമസ് ഐസക്കിന്റെ കൈവശം ശൃംഗേരി മഠാധിപതി കൊടുത്തുവിട്ടിട്ടുമുണ്ട്
കടകംപിള്ളി സിംഹാസനം മാറ്റിയിട്ട ശൃംഗേരി മഠാധിപതിക്ക് മുന്നില്‍ തൊഴുകൈകളുമായി മന്ത്രിമാര്‍

ആലപ്പുഴ: ഒരു മന്ത്രി സിംഹാസനം എടുത്തുമാറ്റുക, അതേ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ അനുഗ്രഹം തേടി സിംഹാസനത്തിലിരിക്കുന്ന അതേ വ്യക്തിക്ക് മുന്നില്‍ കൂപ്പുകൈകളോടെ നില്‍ക്കുക. പിണറായി മന്ത്രിസഭയ്ക്ക് നേരെ പരിഹാസ മുനകള്‍ ഉയരാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം. 

ശൃംഗേരി മഠാധിപതിയുടെ മുന്നില്‍ ദര്‍ശനം തേടിയാണ് മന്ത്രിമാരായ ജി.സുധാകരനും, തോമസ് ഐസക്കും എത്തിയത്. ആലപ്പുഴയില്‍  വ്യാഴാഴ്ച ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തിയപ്പോഴാണ് സുധാകരനും, തോമസ് ഐസക്കും അനുഗ്രഹം തേടിയെത്തിയത്. ഇരുവരേയും പൊന്നാടയണിയിച്ചാണ് ചടങ്ങിലേക്ക് സ്വീകരിച്ചത്. 

ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയതും ഇരുവര്‍ക്കും തന്നെ. ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്ക് പ്രസാദമായി സ്വാമി ആപ്പിള്‍ നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് പ്രസാദമായി ഒരു ആപ്പിള്‍ തോമസ് ഐസക്കിന്റെ കൈവശം ശൃംഗേരി മഠാധിപതി കൊടുത്തുവിട്ടിട്ടുമുണ്ട്. പ്രസാദവും സ്വീകരിച്ച് മഠാധിപതിയെ തൊഴുതാണ് ഇരു മന്ത്രിമാരും മടങ്ങിയത്. 

മന്ത്രിമാരെത്തിയതിന് പുറമെ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ശൃംഗേരി മഠാധിപതിയെ യാത്രയാക്കിയത്. 

പൊതുവേദിയില്‍ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശൃംഗേരി മഠാധിപതിക്കായി ഒരുക്കിയിരുന്ന സിംഹാസനം പിന്നിലേക്ക് മാറ്റിയിട്ടത്. മന്ത്രിയുടെ നിലപാടിന് സമൂഹ മാധ്യമങ്ങളിലും പുറത്തും വലിയ കയ്യടിയായിരുന്നു ലഭിച്ചത്. 

ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സർക്കാർ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീർത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ്‌ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ വേദിയിലെ സിംഹാസനം കണ്ട്‌ തിരക്കിയപ്പോൾ മഠാധിപതി വന്നാൽ ഇരുത്താനാണെന്ന് അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിക്കാർ പറഞ്ഞത്‌. മന്ത്രിക്കായാലും മഠാധിപതിക്കായാലും സർക്കാർ പരിപാടിയിൽ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ്‌ ഞാൻ വി.എസ്‌.ശിവകുമാർ എം.എൽ.എയുടെ സഹായത്തോടെ 'സിംഹാസന' ഇരിപ്പിടം‌ എടുത്ത്‌ മാറ്റിയതെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com