പാലക്കാട് കോച്ച് ഫാക്ടറി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് എംബി രാജേഷ് എംപി

80 ല്‍ പാലക്കാടിന് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി ഇന്ദിരാഗാന്ധി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് കൊണ്ടുപോയ വഞ്ചനയെ ഓര്‍മ്മിപ്പിക്കുന്നു- ഈ വഞ്ചന കേരളത്തിന് പൊറുക്കാനാവില്ല -  ശക്തമായി ചെറുത്തേപറ്റൂ
പാലക്കാട് കോച്ച് ഫാക്ടറി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് എംബി രാജേഷ് എംപി

പാലക്കാട്: പാലക്കാട് കോച്ച് ഫാക്ടറി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് എംബി രാജേഷ് എംപി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംബി ഇക്കാര്യം വ്യക്തമാക്കിയത്. എവിടെയോ ഒരു ഗൂഢാലോചനയും വഞ്ചനയും മണക്കുന്നു. പാലക്കാട് കോച്ച് ഫാക്ടറി ഹരിയാനയിലെ സോനെപേട്ടിലെക്ക് മാറ്റാനുള്ള അട്ടിമറി നീക്കം സംശിക്കേണ്ടിയിരിക്കുന്നു രാജേഷ് പറയുന്നു.
 
2008 ലെ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ച ഉടന്‍തന്നെ അന്നത്തെ ഇടതു മുന്നണി സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോയി. ആദ്യഘട്ടത്തില്‍ ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ജില്ലാ ഭരണകൂടവും പിന്നീട്എം.പി.യെന്ന നിലയില്‍ ഞാനും നിരന്തരമായി നടത്തിയ ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങളില്ലാതാക്കി വേഗത്തില്‍ തന്നെ റെയില്‍വേക്കാവശ്യമായ ഭൂമി ഏറ്റെടുത്തു നല്‍കുകയുണ്ടായി. 2012 ല്‍ കോട്ടമൈതാനത്ത് വച്ച് തറക്കല്ലുമിട്ടു. പിന്നെ റെയില്‍വേ ആ ഭൂമി സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വിലക്ക് വാങ്ങി. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ച് കേരളത്തെ വഞ്ചിക്കുകയായിരുന്നു. 

സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ യു.പി.എ. സര്‍ക്കാരിന് കഴിയാതെ വന്നപ്പോള്‍ ഞാന്‍ മുന്‍കയ്യെടുത്ത് സെയില്‍ (സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ) മായി ചര്‍ച്ച നടത്തുകയും അവര്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം റെയില്‍വെയെ അറിയിക്കുകയും കരട് പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും യു.പി.എ. സര്‍ക്കാര്‍ അനങ്ങിയില്ല. ഭരണം മാറി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഞാന്‍ ശ്രമം തുടര്‍ന്നു. പ്രധാനമന്ത്രിയെ തന്നെ നേരിട്ടു കണ്ടു. ഇന്‍സ്ട്രുമെന്റേഷന്‍ ആകെ പൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടുതരണമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് നേരിട്ടാവശ്യപ്പെട്ടു. ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടുതരാമെന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷേ, കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. 

പലതവണ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെയും ഈ ആവശ്യവുമായി കണ്ടു. സ്വകാര്യ പങ്കാളിയെ കിട്ടാത്തതാണ് പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സെയില്‍ നേരത്തെ നല്‍കിയ വാഗ്ദാനം ഓര്‍മ്മിപ്പിച്ചു. സെയില്‍ ഇപ്പോഴും അതിന് തയ്യാറുണ്ടോ എന്നുറപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും സെയില്‍ തയ്യാറെങ്കില്‍ റെയില്‍വെയും സന്നദ്ധമാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഉരുക്ക് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമാറിനെ ഞാന്‍ നേരിട്ടു കാണുകയും സ്റ്റീല്‍ സ്‌പെഷ്യല്‍ സെക്രട്ടറി അരുണ സുന്ദര്‍ രാജ്, സെയില്‍ അധികൃതര്‍ എന്നിവരുമായി മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും സെയിലിന്റെ സഹകരണം വീണ്ടും ഉറപ്പാക്കുകയും ചെയ്തു. അക്കാര്യം റെയില്‍വെ മന്ത്രിയെ അറിയിച്ചപ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. നോക്കാം, ചര്‍ച്ചചെയ്യാം എന്നെല്ലാമുള്ള ഒഴിവുകഴിവുകളായി പിന്നീട്. 

പാര്‍ലമെന്റില്‍ പലതവണ ഇക്കാര്യം ഉന്നയിച്ചപ്പോഴും ഒഴിഞ്ഞുമാറുന്നതും അവ്യക്തവുമായ മറുപടികളാണ് വകുപ്പ് മന്ത്രി തന്നുകൊണ്ടിരുന്നത്. അനൗപചാരിക സംഭാഷണങ്ങളില്‍ റെയില്‍വെയുടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്, റായ് ബറേലി കോച്ച് ഫാക്ടറി തന്നെ നഷ്ടത്തിലാണ്.ഇത്രയേറെ പുതിയ കോച്ചുകള്‍ക്ക് ഡിമാന്റില്ല. അതുകൊണ്ട് പാലക്കാട് പദ്ധതി അത്ര അനായാസമല്ല എന്നൊക്കെയായിരുന്നു. എന്നാല്‍ മന്ത്രിയോ ഉന്നത് ഉദ്യോഗസ്ഥരോ ആരും പദ്ധതി നടക്കില്ല എന്ന് തുറന്നുപറയാന്‍ തയ്യാറായിട്ടുമില്ല. 

ഈ ഒളിച്ചു കളിക്കിടെയാണ് ഹരിയാനയിലെ സോനപേട്ടിലെ ബാര്‍ഹി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ 600 കോടി രൂപ ചെലവില്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. ഹരിയാന സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി. രാജശേഖര്‍ വുന്ദ്രു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ 161.48 ഏക്കര്‍ ഭൂമി ഈ പദ്ധതിക്ക് വേണ്ടി റെയില്‍വെ മന്ത്രാലയത്തിന് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. 500 മുതല്‍ 700 വരെ കോച്ചുകളാണ് പ്രതിവര്‍ഷം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി ഖട്ടാര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള നിര്‍ദ്ദേശത്തിന് അനുമതി നല്‍കിയതായും അറിയുന്നു. 

റെയില്‍വെ മന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചും ധാരണാ പത്രം ഒപ്പു വക്കുന്നത് സംബന്ധിച്ചും ഹരിയാനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. പാലക്കാട് വിഭാവനം ചെയ്തിരുന്നതും ഏകദേശം 600 കോടിയുടെ സമാന പദ്ധതിയായിരുന്നു. പാലക്കാട് 5 വര്‍ഷം മുമ്പ് റെയില്‍വേക്ക് ഭൂമി കൈമാറുകയും തറക്കല്ലിടുകയും ചെയ്ത ശേഷമാണ് അതുപയോഗിക്കാതെ സോനാപേട്ടില്‍ വേറെ ഫാക്ടറി നിര്‍മ്മിക്കാനൊരുങ്ങുന്നത്. സോനാപേട്ടിലല്ല, എവിടെയും കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്നതിന് യാതൊരു വിരോധവുമില്ല. പക്ഷേ, അത് പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടു പോകലാകരുത് എന്നേയുള്ളൂ. ഇപ്പോള്‍, അതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്. ( കോച്ചുകള്‍ക്ക് ഡിമാന്റ് കുറവാണെന്നത് പാലക്കാട് ഫാക്ടറിക്ക് തടസ്സമാണ് എന്ന് പറയുമ്പോഴാണ് സോനാപേട്ടില്‍ പുതിയതിനുള്ള നീക്കം റെയില്‍വെ നടത്തുന്നത്). 80 ല്‍ പാലക്കാടിന് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി ഇന്ദിരാഗാന്ധി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് കൊണ്ടുപോയ വഞ്ചനയെ ഓര്‍മ്മിപ്പിക്കുന്നു ഇത്. ഈ വഞ്ചന കേരളത്തിന് പൊറുക്കാനാവില്ല. ശക്തമായി ചെറുത്തേ പറ്റൂ. ഉടന്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും ഉന്നയിക്കും. റെയില്‍വേയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഈ വഞ്ചനയെ ചെറുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് എംപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com