കമ്യൂണിസം ഇങ്ങോട്ടു പഠിപ്പിക്കേണ്ട; ശൃംഗേരി മഠാധിപതിയെ കണ്ടതില്‍ വിവാദമുണ്ടാക്കുന്നത് മണ്ടന്മാരാണ്: ജി. സുധാകരന്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 18th June 2017 10:14 PM |
Last Updated: 18th June 2017 10:14 PM | A+A A- |

തിരുവനന്തപുരം: ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയത് സംസ്ഥാനത്തിന്റെ അതിഥിയായതുകൊണ്ടാണ് എന്ന് മന്ത്രി ജി. സുധാകരന്‍. നേരത്തെ ശൃംഗേരി മഠാധിപതിയുടെ മുന്നില്‍ പഴങ്ങളുടെ താലവുമായി മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസകും എത്തിയത് വിവാദമായിരുന്നു.
തന്റെ സന്ദര്‍ശനം വിവാദമാക്കിയത് മണ്ടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാരനു ചേര്‍ന്ന പണിയാണോ എന്ന ആക്ഷേപത്തിന് കമ്യൂണിസം തങ്ങളെ പഠിപ്പിക്കേണ്ടെന്നും പറഞ്ഞു.
സംസ്ഥാനത്തിന്റെ അതിഥിയായതുകൊണ്ടാണ് പോയത്. പൊന്നാട അണിയിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹം അത് സ്വീകരിക്കില്ലെന്നറിഞ്ഞു. പഴങ്ങളാണ് അദ്ദേഹം കഴിക്കുന്നത്. അതുകൊണ്ട് ആപ്പിളും ഓറഞ്ചും(ആപ്പിളും ഓറഞ്ചും ഒന്നല്ലേ എന്ന ആശങ്കയോടെയാണ് തുടര്‍ന്നത്) പിന്നെ നീര്‍മാതാളവും(തൊലി പൊളിച്ചാല്‍ ചുവന്ന സാധനമുള്ളതെന്നായിരുന്നു വാക്ക്. അതിന് ഭയങ്കര വിലയാണെന്നും മന്ത്രിയുടെ വാക്കിലുണ്ടായിരുന്നു) കൊണ്ടുപോയി. അതിലെന്താണ് തെറ്റ്. അത് വിവരമില്ലാത്തവര്‍ ഓരോന്ന് പറഞ്ഞുണ്ടാക്കിയതല്ലേ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്തുവച്ച് ഒരു ചടങ്ങില്‍ ശൃംഗേരി മഠാധിപതിയ്ക്കായി ഒരുക്കിയ സിംഹാസനം പിന്നിലേക്കിട്ട് മാറ്റിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് മന്ത്രിമാരായ ജി. സുധാകരന്റെയും തോമസ് ഐസകിന്റെയും സന്ദര്‍ശനമുണ്ടായത്.