പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണം: മുഖ്യമന്ത്രി

പനി വ്യാപിക്കുന്നത് തടയാനും രോഗം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്
പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്‌കാരികസന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വരികയാണ് . എന്നാല്‍ അതില്‍ പൂര്‍ണ്ണ വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല . ഈ സാഹചര്യമാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ ഇടയാക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .

പനി വ്യാപിക്കുന്നത് തടയാനും രോഗം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് . മാലിന്യ നിര്‍മാര്‍ജ്ജനം പൂര്‍ണ്ണമാക്കുകയും ശുചീകരണത്തില്‍ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്താന്‍ കഴിയില്ല . വ്യക്തി ശുചിത്വം മാത്രം പോരാ, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട് . പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജനങ്ങളാകെ ഒറ്റ മനസ്സോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com