പുതുവൈപ്പില്‍ ജനകീയ സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടി വേണം: സിപിഐ

പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം, പി.രാജു
പുതുവൈപ്പില്‍ ജനകീയ സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടി വേണം: സിപിഐ

കൊച്ചി: പുതുവൈപ്പില്‍ ജനകീയ സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് സിപിഐ. മര്‍ദനത്തിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. മുമ്പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ അക്രമിച്ചതും യതീഷ് ചന്ദ്രയായിരുന്നു. അന്ന് പിണറായി നടപടി ഗുണ്ടായിസമാണ് എന്നാണ് പറഞ്ഞത്. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം, പി.രാജു പറഞ്ഞു.

കഴിഞ്ഞ ദിവസം ജനകീയ സമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ത്രീകളേയും കുട്ടികളേയും വളഞ്ഞിട്ട് തല്ലിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നത്. യുഡിഎഫ് ഭരണകാലത്തും യതീഷ് ചന്ദ്ര ഇത്തരത്തില്‍ അക്രമം നടത്തിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയര്‍ന്നത്. സമരത്തിന് സിപിഐയും യുവജന സംഘടന എഐവൈഎഫും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇന്നും പുതുവൈപ്പില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് ഉണ്ടാകുകയും നിരവധിരേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഐഒസി പ്ലാന്റില്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കില്ല എന്നുപറഞ്ഞെത്തിയ ജനകീയ സമിതിക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സമരം വീണ്ടും അക്രമത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബുധനാഴ്ചവരെ നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയ സമിതുയുമായി ചര്‍ച്ച നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com