പാകിസ്ഥാന്റെ ജയം ആഘോഷിച്ചതിന് കാസര്‍കോട് 23 പേര്‍ക്കെതിരെ പോലീസ് കേസ്

പാകിസ്ഥാന്റെ ജയം ആഘോഷിച്ചതിന് കാസര്‍കോട് 23 പേര്‍ക്കെതിരെ പോലീസ് കേസ്

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാന്റെ ജയം ആഘോഷിച്ചതിന് 23 പേര്‍ക്കെതിരെ പോലീസ് കേസ്.

ബദിയടുക്ക: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാന്റെ ജയം ആഘോഷിച്ചതിന് 23 പേര്‍ക്കെതിരെ പോലീസ് കേസ്. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ബദിയടുക്ക പോലീസ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ  കുമ്പഡാജെ ചക്കുടലിലായിരുന്നു സംഭവം. കേസ് രേഖപ്പെടുത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തട്ടില്ല. 
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143,147 (ന്യായ വിരോധമായ സംഘം ചേരല്‍ ), 286, 153 (ജനങ്ങളില്‍ ഭീതി പരത്തുംവിധം പടക്കം പൊട്ടിക്കല്‍), 149 (കൂട്ടം ചേര്‍ന്ന് കുഴപ്പമുണ്ടാക്കല്‍) തുടങ്ങിയ വകുപ്പ് പ്രകാരാണ് കേസ്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടിയുടെ കൊടുത്ത പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ കൂട്ടംകൂടി പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ് എന്ന  മുദ്രാവാക്യമുഴക്കി പടക്കംപൊട്ടിച്ചു എന്നാണ് പരാതി. പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍പ്പനടുക്കയില്‍ പ്രകടനം നടത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com