നഴ്‌സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യസേവനം നല്‍കുമെന്ന് നഴ്‌സുമാര്‍

പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളിലാണ് നഴ്‌സുമാര്‍ സൗജന്യ സേവനമനുഷ്ഠിക്കാമെന്ന് അറിയിച്ചിരിക്കുന്നത്.
നഴ്‌സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യസേവനം നല്‍കുമെന്ന് നഴ്‌സുമാര്‍

തൃശൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. എന്നാല്‍ പനിയുള്‍പ്പെടെ വര്‍ഷകാലത്തെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റാമെന്ന  നിര്‍ദേശവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളിലാണ് നഴ്‌സുമാര്‍ സൗജന്യ സേവനമനുഷ്ഠിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ യുഎന്‍എ അറിയിക്കും. 

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സമരം അവസാനിക്കും വരെ സൗജന്യ സേവനമനുഷ്ഠിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യക്കുറവുണ്ടെങ്കില്‍ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലെ മെഡിസിന്‍ വാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുക്കാന്‍ തയാറാവണമെന്നും അങ്ങിനെയെങ്കില്‍ നഴ്‌സുമാര്‍ പകര്‍ച്ച പനി ബാധിതരെ സൗജന്യമായി പരിചരിക്കാന്‍ ആരോഗ്യവകുപ്പിനൊപ്പം നില്‍ക്കുമെന്നും യുഎന്‍എ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ ഒരു വിഭാഗം ഡോക്ടര്‍മാരും നഴ്‌സുമാരുടെയൊപ്പം സൗജന്യ സേവനത്തിന് തയാറാകും ഇനി മാനേജ്‌മെന്റുകള്‍ വര്‍ഷകാല രോഗങ്ങള്‍ക്ക് ചികിത്സ സൗജന്യമായി നടത്തുകയാണെങ്കില്‍ അതിനോട് സഹകരിക്കാനും നഴ്‌സുമാര്‍ തയാറാണെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി.

വേതന വര്‍ധന വരുത്തിയ ദയ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നു. മറ്റു മറ്റു ആശുപത്രികളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. 27 ന് ഐആര്‍സിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അന്നത്തെ നൈറ്റ് ഷിഫ്റ്റ് മുതല്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ മുന്നോടിയായി നാളെ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും 26ന് പ്രകടനത്തോടെ സമരപ്രഖ്യാപന കണ്‍വന്‍ഷനും നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com