തച്ചങ്കരിയെ സുപ്രധാന  പദവിയില്‍ നിയമിച്ചത് എന്തിന്? ഹൈക്കോടതി

തച്ചങ്കരിക്കെതിരായ കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പുറത്തുപോവും വരെ കാത്തിരിക്കുകയാണോ സര്‍ക്കാരെന്ന് കോടതി
തച്ചങ്കരിയെ സുപ്രധാന  പദവിയില്‍ നിയമിച്ചത് എന്തിന്? ഹൈക്കോടതി

കൊച്ചി: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഹൈക്കോടതി. ആരോപണങ്ങള്‍ നിലനില്‍ക്കെ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചത് എന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.

പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ആരോപണങ്ങള്‍ നിലനില്‍ക്കെ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. തച്ചങ്കരിക്കെതിരായ പരാതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു കേസ് പരിഗണിക്കുമ്പോഴും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഇതിനെ രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി നേരിട്ടത്.

എന്തുകൊണ്ടാണ് സത്യവാങ്മൂലം വൈകുന്നതെന്ന് കോടതി ചോദിച്ചു. ഇതിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ല. ബുധനാഴ്ചയ്ക്കകം വിവരങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി. തച്ചങ്കരിക്കെതിരായ കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പുറത്തുപോവും വരെ കാത്തിരിക്കുകയാണോ സര്‍ക്കാരെന്ന് കോടതി ആരാഞ്ഞു. 

ടിപി സെന്‍കുമാര്‍ കോടതി ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തുന്നതിനു തൊട്ടുമുമ്പാണ്, മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. പൊലീസ് ഭരണം കൈപ്പിടിയില്‍ നിര്‍ത്തുന്നതിനുള്ള നീക്കമായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെ ടിപി സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ രൂക്ഷ ഭിന്നത ഉടലെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com