വോട്ട് തേടി രാംനാഥ് കോവിന്ദ് കേരളത്തിലേക്ക് വരില്ല; രാജഗോപാല്‍ ചെന്നൈയിലെത്തി പിന്തുണ അറിയിക്കും

വോട്ട് തേടി രാംനാഥ് കോവിന്ദ് കേരളത്തിലേക്ക് വരില്ല; രാജഗോപാല്‍ ചെന്നൈയിലെത്തി പിന്തുണ അറിയിക്കും

രാജഗോപാല്‍ ഒഴികെയുള്ള ബാക്കി 139 എംഎല്‍എമാരും, 20 എംപിമാരും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറിനായിരിക്കും വോട്ട് ചെയ്യുക

തിരുവനന്തപുരം: ബിജെപിക്ക് കാത്തിരുന്ന് കിട്ടിയ ഒരു എംഎല്‍എ ആണെങ്കിലും ഒ.രാജഗോപാലിനെ കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് കേരളത്തിലേക്ക് വരില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും എത്തി കക്ഷി നേതാക്കളോട് നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുന്ന കോവിന്ദ് കേരളത്തെ സന്ദര്‍ശന പരിപാടിയില്‍ നിന്നും ഒഴിവാക്കി. 

ചെന്നൈയിലെ ബിജെപിയുടെ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എത്തുമ്പോള്‍ രാജഗോപാലിനേയും അവിടേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും രാജഗോപാലിന്റെ ഒരേയൊരു വോട്ട് മാത്രമായിരിക്കും ബിജെപിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലഭിക്കുക.

രാജഗോപാല്‍ ഒഴികെയുള്ള ബാക്കി 139 എംഎല്‍എമാരും, 20 എംപിമാരും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറിനായിരിക്കും വോട്ട് ചെയ്യുക. സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മൂല്യം നിശ്ചയിക്കുമ്പോള്‍ കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം 152 ആണ്. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദന് കേരളത്തില്‍ നിന്നും ലഭിക്കാവുന്ന മൂല്യ വോട്ടും 152 ആണ്. 

രാജ്യത്തെ ആകെ മൂല്യവോട്ടായ 10,98,882ല്‍ ജയിക്കാന്‍ വേണ്ടത് 5,49,442 ആണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളായതിനാല്‍ കേരളത്തില്‍ നിന്നുമുള്ള എംപിമാരായ സുരേഷ് ഗോപിക്കും, റിച്ചാര്‍ഡ് ഹേയ്ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകില്ല. കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ജോണ്‍ ഫെര്‍ണാണ്ടസിനും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com