കര്‍ഷക ആത്മഹത്യ: റവന്യു സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു, യൂത്ത് ലീഗിനെതിരെ എതിര്‍പ്പുമായി നാട്ടുകാര്‍

ഇതുവരെയില്ലാത്ത യൂത്ത് ലീഗ് ഇപ്പോള്‍ എവിടെനിന്നു വന്നെന്നു ചോദിച്ചായിരുന്നു നാട്ടുകാരുടെ എതിര്‍പ്പ്
കര്‍ഷക ആത്മഹത്യ: റവന്യു സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു, യൂത്ത് ലീഗിനെതിരെ എതിര്‍പ്പുമായി നാട്ടുകാര്‍

കോഴിക്കോട്: കരം ഒടുക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനെയും കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ചെമ്പനോട് വില്ലേജ് ഓഫിസിലാണ് ഇരുവരെയും തടഞ്ഞുവച്ചത്. യൂത്ത് ലീഗിന്റെ പ്രതിഷേധം നീണ്ടപ്പോള്‍ ഇവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. സംഘര്‍ഷാവസ്ഥ കനത്തപ്പോള്‍ പൊലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു നീക്കി.

മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. പികെ ഫിറോസിന്റെ നേതൃത്വത്തില്‍ ആയിരുന്നു സമരം. കര്‍ഷകന്‍ മരിച്ച പശ്ചാത്തലത്തില്‍ അന്വേഷണത്തിനായാണ് പിഎച്ച് കുര്യനും കലക്ടറും വില്ലേജ് ഓഫിസിലെത്തിയത്. ഇവിടേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ ഓഫിസില്‍ തടഞ്ഞുവച്ച ലീഗ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നിലപാടു പ്രഖ്യാപിക്കാതെ ഇവരെ പുറത്തുവിടില്ലെന്ന് പ്രഖ്യാപിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇതുവരെ കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്നും വീടു സന്ദര്‍ശിച്ച മന്ത്രി എംഎം മണി ഒരു നിലപാടും അറിയിച്ചില്ലെന്നും പികെ ഫിറോസ് ആരോപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഉപരോധം നീണ്ടപ്പോള്‍ യൂത്ത് ലീഗിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. ഇതുവരെയില്ലാത്ത യൂത്ത് ലീഗ് ഇപ്പോള്‍ എവിടെനിന്നു വന്നെന്നു ചോദിച്ചായിരുന്നു നാട്ടുകാരുടെ എതിര്‍പ്പ്. സ്ഥിതി സംഘര്‍ഷത്തിലേക്കു നീങ്ങിയപ്പോള്‍ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി. സമരത്തെക്കുറിച്ച് അറിയിപ്പൊന്നും ഇല്ലാതിരുന്നതിനാല്‍ വളരെ കുറച്ചു പൊലീസ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.

മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്നും പിഎച്ച് കുര്യന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com