ക്വാറികള്‍ക്ക് ഇളവ് നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്തുനല്‍കി

പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ പാരിസ്ഥിതിക - സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണ് ഇത്
ക്വാറികള്‍ക്ക് ഇളവ് നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്തുനല്‍കി

തിരുവനന്തപുരം: ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കുകയും അനുമതിയുടെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്ത് നല്‍കി. പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ പാരിസ്ഥിതിക - സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണ് ഇത്. യാതൊരുനിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അനധികൃത ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ നടപടിയെന്നും സുധീരന്‍ പറയുന്നു.

ജനജീവിതം ദുസ്സഹമാക്കുന്ന ക്വാറികള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ പലഭാഗത്തും ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്. കേരള റിസര്‍ച്ച് ഫോറസ്റ്റ്  ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പടെയുള്ള പലവിദഗ്ദ സമിതികളുടെയും റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന ആശങ്കകളും മുന്നറിയിപ്പികളും പാടെ അവഗണിച്ചുകൊണ്ടുള്ള തീരുമാനമാണിത്. 

പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കോടികള്‍ മുടക്കി പരസ്യം നല്‍കുകയും വിപുലമായ പ്രചരണപരിപാടികള്‍  സംഘടിപ്പിക്കുകയും ചെയ്ത് ഹരിതകേരളം പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ തന്നെ പരിസ്ഥിതി നാശത്തിലേക്ക് നാടിനെ എത്തിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് തികഞ്ഞ വിരോധാഭാസവും വിചിത്രവുമാണ്. പ്രത്യഘാതങ്ങളെകുറിച്ച് വേണ്ടത്ര പരിശോധന സത്യസന്ധമായി നടത്താതെ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം എത്രയും വേഗത്തില്‍ പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com