ദിലീപിനെ ഭീഷണിപ്പെടുത്തി വിളിച്ചയാള്‍ പറഞ്ഞത് നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍: നാദിര്‍ഷ

തന്റെ ഫോണില്‍ റെക്കോഡിങ് സംവിധാനം തകരാറില്‍ ആയിരുന്നതിനാല്‍ ഇയാളെ പിന്നീട് അങ്ങോട്ടു വിളിച്ച് റെക്കോഡിങ് രേഖപ്പെടുത്തുകയായിരുന്നു
ദിലീപിനെ ഭീഷണിപ്പെടുത്തി വിളിച്ചയാള്‍ പറഞ്ഞത് നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍: നാദിര്‍ഷ


കൊച്ചി: ദിലീപിനെ കേസില്‍ കുടുക്കാന്‍ പണം വാഗ്ദാനം ചെയ്തവരുടേതായി നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനെന്നു പറഞ്ഞു വിളിച്ചയാള്‍ പറഞ്ഞതായി നാദിര്‍ഷാ. നടിമാര്‍, പ്രമുഖ നടന്മാര്‍, നിര്‍മാതാക്കള്‍ തുടങ്ങി സിനിമാ മേഖലയിലുള്ള ഒട്ടേറെ പേരുകള്‍ ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ പറഞ്ഞു.

പള്‍സര്‍ സുനിയുടെ സഹതടവുകാരനെന്ന് അവകാശപ്പെട്ട് വിഷ്ണു എന്നയാളാണ് വിളിച്ചത്. ഏപ്രില്‍ മാസത്തിലായിരുന്നു ഇത്. താന്‍ ഒരു പരിപാടിക്കായി ബംഗളൂവില്‍ ആയിരുന്ന സമയത്താണ് കോള്‍ വന്നത്. തന്റെ ഫോണില്‍ റെക്കോഡിങ് സംവിധാനം തകരാറില്‍ ആയിരുന്നതിനാല്‍ ഇയാളെ പിന്നീട് അങ്ങോട്ടു വിളിച്ച് റെക്കോഡിങ് രേഖപ്പെടുത്തുകയായിരുന്നു. 

പള്‍സര്‍ സുനി സ്വന്തം പദ്ധതി അനുസരിച്ചാണ് നടിയെ ആക്രമിച്ചത് എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനായിരുന്നു പദ്ധതി. കേസില്‍ ദിലീപിന്റെ പേരു പറയാന്‍ രണ്ടര കോടി വരെ വാഗ്ദാനമുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. ആരൊക്കെയാണ് വാഗ്ദാനം നല്‍കിയതന്ന് താന്‍ അങ്ങോട്ടു ചോദിക്കുകയായിരുന്നു. നടിമാര്‍ ഉള്‍പ്പെടെ പലരുടെയും പേരുകള്‍ അയാള്‍ പറഞ്ഞു. അതില്‍ പ്രമുഖ നടന്മാരും പ്രൊഡ്യൂസര്‍മാരുമെല്ലാമുണ്ട്. ഇക്കാര്യം ദിലീപിനോടു പറഞ്ഞ് പണം വാങ്ങിനല്‍കണമെന്നായിയുന്നു അയാളുടെ ആവശ്യം. 

ഫോണ്‍ വന്ന കാര്യം അപ്പോള്‍ തന്നെ ദിലീപിനെ അറിയിച്ചു. റെക്കോഡ് ചെയ്ത സംഭാഷണവും കൈമാറി. ദിലീപ് തന്നെയാണ് പൊലീസിനു പരാതി നല്‍കിയതെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം അതുമായി ബന്ധപ്പെട്ടതാണെന്നും നാദിര്‍ഷ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി ദിലീപിന്റെ പേരു പ്രചരിക്കപ്പെട്ടു. അതു മുതലെടുക്കാന്‍ നടത്തുന്ന ശ്രമമാവും ഇപ്പോഴത്തേതെന്നാണ് കരുതുന്നത്. വിഷ്ണു ഫോണില്‍ പറഞ്ഞ ആരും ഇത്തരത്തില്‍ ദിലീപീനെ കുടുക്കാന്‍ പണം തരാമെന്ന് വാഗ്ദാനം നല്‍കുമെന്ന് കരുതുന്നില്ല. ദിലീപും അതിനോട് ഇങ്ങനെ തന്നെയാണ് പ്രതികരിച്ചത്. അന്വേഷണം മുന്നോട്ടുപോവുന്നുണ്ടെന്നാണ് കരുതുന്നത്. വിഷ്ണു എന്ന പേരില്‍ വിളിച്ചയാള്‍ ഇപ്പോള്‍ പിടിയിലായിട്ടുണ്ടാവാമെന്നും നാദിര്‍ഷ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com